ശ്രീനഗർ: വിഘടനവാദ സംഘടനയായ ഹുറിയത്ത് കോൺഫറൻസിന്റെ ആഹ്വാനത്തെത്തുടർന്ന്, കശ്മീർ താഴ്‌വര ശനിയാഴ്ച പുതിയ ഭൂമി നിയമങ്ങൾക്കെതിരെ പൂർണ്ണമായും അടച്ചുപൂട്ടൽ ആചരിച്ചു.

ശ്രീനഗറിൽ, എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും അടച്ചിരുന്നു. പൊതുഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നനു. സ്വകാര്യ വാഹനങ്ങൾ പതിവുപോലെ ഉണ്ടായിരുന്നു.

സോപോർ, ബാരാമുള്ള, കുപ്വാര, ഹാൻഡ്‌വാര, ബന്ദിപ്പൂർ എന്നിവയുൾപ്പെടെ വടക്കൻ കശ്മീരിലെ എല്ലാ പ്രധാന പട്ടണങ്ങളും സമ്പൂർണമായി അടച്ചു പൂട്ടിയിരുന്നു. മിക്ക ബിസിനസ്സ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കെ, കുറച്ച് വാഹനങ്ങൾ റോഡുകളിൽ സഞ്ചരിച്ചു. ഷോപ്പിയാൻ, കുൽഗാം, അനന്ത്നാഗ്, പുൽവാമ, പാംപോർ എന്നിവയുൾപ്പെടെ തെക്കൻ കശ്മീർ നഗരങ്ങളിലും കടകൾ അടച്ചിട്ടിരുന്നു. റോഡുകളിൽ പൊതുഗതാഗതവും ഇല്ലായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചതിന് ശേഷം വിഘടനവാദികൾ നടത്തിയ ആദ്യത്തെ അടച്ചു പൂട്ടൽ ആഹ്വാനമാണിത്.

Read More: ലൗ ജിഹാദ് അവസാനിപ്പിക്കുക, അല്ലെങ്കിൽ ഒടുവിലത്തെ യാത്രക്ക് തയ്യാറാകുക: യോഗി ആദിത്യനാഥ്

പുതിയ സംസ്ഥാന നിയമങ്ങൾ പഴയ സംസ്ഥാനത്തിന്റെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താൻ കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന ആശങ്കകൾക്ക് കാരണമായി. കശ്മീരിലെ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും പുതിയ നിയമങ്ങൾക്കെതിരെ പോരാടുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ്, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്കും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ ഭരണഘടനയിലെ 370ാം അനുച്ഛേദം പ്രകാരം ജമ്മു കശ്മീർ സ്വദേശികൾക്ക് മാത്രമായിരുന്നു ഇവിടെ ഭൂമി വാങ്ങാൻ അനുവാദം ഉണ്ടായിരുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം പിന്നിടുമ്പോളാണ്, ജമ്മു കശ്മീർ ഡവലപ്മെന്റ് ആക്ടിലെ ഭൂമിയിടപാടു വ്യവസ്ഥകൾ പരാമർശിക്കുന്ന 17–ാം വകുപ്പിൽ ‘ജമ്മു കശ്മീരിലെ സ്ഥിര താമസക്കാർ’ എന്ന പ്രയോഗം നീക്കം ചെയ്ത് കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 11 കേന്ദ്രനിയമങ്ങൾ ഈ രണ്ട് പ്രദേശങ്ങളിലും പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook