ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്-19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ സംസ്ഥാന സർക്കാർ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിൽ ഈ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അവശ്യ സേവനങ്ങൾക്കായി ചില ഇളവുകൾ നൽകും. ആശുപത്രികൾ, പരിശോധനാ കേന്ദ്രങ്ങൾ, ലാബുകൾ, മെഡിക്കൽ സംബന്ധമായ പ്രവർത്തനങ്ങൾ എന്നിവ തുടരും.
Read More: ഡൽഹിയിൽ പുതിയ ലോക്ക്ഡൗൺ ഇല്ല: അരവിന്ദ് കേജ്രിവാൾ
ട്രെയിൻ-വിമാന സർവീസുകൾ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തനം തുടരും. എന്നാൽ അടിയന്തര ആവശ്യങ്ങൾക്കൊഴികെ ഓട്ടോ-ടാക്സി സേവനങ്ങൾ അനുവദിക്കില്ല. വാഹനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യരുതെന്നും രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കടകളിൽ നിന്നു മാത്രം അവശ്യവസ്തുക്കൾ വാങ്ങണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിലെ ജീവനക്കാർ ജോലിക്ക് ഹാജരാകരുതെന്നാണ് നിർദേശം. ജൂൺ 29, 30 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും.
പലചരക്ക്, പച്ചക്കറി കടകൾ രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മൊബൈൽ ഷോപ്പുകളും രാവിലെ 6 നും 2 നും ഇടയിൽ പ്രവർത്തിക്കാൻ അനുവദിക്കും.
ഹോട്ടലും റസ്റ്ററന്റുകളും രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുമെങ്കിലും പാഴ്സൽ സർവീസ് മാത്രമേ അനുവദിക്കൂ. ചായക്കടകളും തുറക്കാൻ അനുവദിക്കില്ല. അമ്മ കാന്റീനുകളും സാമൂഹ്യ അടുക്കളകളും പ്രവർത്തിക്കും.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഇതുവരെ 44,661 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 435 പേര് രോഗം ബാധിച്ച് മരിച്ചു. 24, 545 പേര് രോഗമുക്തി നേടി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവ. ചെന്നൈയില്‍ മാത്രം 31,896 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കല്‍പേട്ട്-2882, തിരുവള്ളൂര്‍-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം.