ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാർഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കെ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. സിബിഐ കേസിനെ പൂര്‍ണമായും താത്പര്യമില്ലാതെ ആണ് കാണുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു കടലാസില്‍ പോലും അന്വേഷണ പുരോഗതി കാണാന്‍ കഴിയുന്നില്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് എംഎസ്‍സി ബയോ ടെക്നോളജി വിദ്യാർഥിയായ നജീബിനെ ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലയിലെ മഹി മന്ദ്വി ഹോസ്റ്റലില്‍ നിന്നും കാണാതായത്. എബിവിപിയുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളും പ്രതിഷേധങ്ങളും രാജ്യത്ത് നടന്നു.

പൊലീസ് അന്വേഷിച്ച് പുരോഗതി ഇല്ലാത്തതിനാലാണ് ഹൈക്കോടതി കോസ് സിബിഐയെ ഏല്‍പ്പിച്ചത്. രാജ്യ തലസ്ഥാനത്ത് നിന്നും പെട്ടെന്നൊരാള്‍ അപ്രത്യക്ഷനായി പോവില്ലല്ലോ എന്ന് ചോദിച്ച കോടതി നവംബറില്‍ പൊലീസിനോട് പക്ഷപാതമില്ലാത്ത അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താനായില്ല. നേരത്തേ ജുലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കേസ് ഒക്ടോബറിലേക്ക് മാറ്റിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതി ഒന്നും കാണിക്കാന്‍ സിബിഐക്ക് ആയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ