/indian-express-malayalam/media/media_files/uploads/2023/07/manipur-2-1.jpg)
മേയ് ആദ്യം മുതല്‍ മണിപ്പൂരില്‍ മെയ്തി കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാപകമായി അക്രമങ്ങള്‍ നടക്കുകയാണ്
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ക്രമസമാധാനവും ഭരണഘടനാ സംവിധാനവും പൂര്‍ണമായി തകര്‍ന്നതായി സുപ്രീം കോടതി. സംസ്ഥാന പൊലീസ് മേധാവിയോട് ഓഗസ്റ്റ് ഏഴ് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
മണപ്പൂര്‍ സംഘര്‍ഷങ്ങളിലെ അന്വേഷണങ്ങളില്‍ പൊലീസിന് അലസതയാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളെ ആള്‍ക്കൂട്ടത്തിന് വിട്ടു നല്‍കിയ പൊലീസുകാരെ ചോദ്യം ചെയ്തോയെന്നും കോടതി ചോദിച്ചു.
ലൈംഗികാതിക്രമത്തിന് ഇരയായവർ സമർപ്പിച്ച ഹർജികളുൾപ്പെടെ മണിപ്പൂർ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.
കഴിഞ്ഞ മാസം, മെയ് നാലിന് കുക്കി-സോമി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിനും കാരണമായി. മണിപ്പൂരിലെ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.
ക്രമസമാധാന സംവിധാനങ്ങൾക്ക് ആളുകളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പൗരന്മാർക്ക് എന്ത് സംഭവിക്കുമെന്ന് ജസ്റ്റിസ് ജെ ബി പരിദ്വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
വീഡിയോയുമായി ബന്ധപ്പെട്ട കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വളരെയധികം താമസം നേരിട്ടതായി കോടതി നിരീക്ഷിച്ചു. സംസ്ഥാന പൊലീസിന് കേസ് അന്വേഷിക്കാനുള്ള കഴിവില്ലെന്നും നിയന്ത്രണം നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു.
മേയ് ആദ്യം മുതല്‍ മണിപ്പൂരില്‍ മെയ്തി കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാപകമായി അക്രമങ്ങള്‍ നടക്കുകയാണ്. ഇതിനോടകം തന്നെ 140-ലധികം പേര്‍ക്ക് സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.