മുംബൈ: റിയാലിറ്റി ഷോയിലെ മൽസരാർത്ഥിയായ പെൺകുട്ടിയെ ചുംബിച്ചതിന് ബോളിവുഡ് ഗായകനെതിരെ പരാതി. ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ പപ്പോണിനെതിരെയാണ് പരാതി. ഹിന്ദി റിയാലിറ്റി ഷോയായ വോയിസ് ഇന്ത്യ കിഡ്സിന്റെ സെറ്റിൽ നടന്ന ഹോളി ആഘോഷത്തിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പപ്പോൺ ബലാൽക്കാരമായി ചുംബിച്ചത്. ഷോയിലെ ജഡ്ജിമാരിൽ ഒരാളാണ് പപ്പോൺ.

തന്റെ ഫെയ്സ്ബുക്കിൽ ആഘോഷത്തിന്റെ ലൈവ് വീഡിയോ പപ്പോൺ പങ്കുവച്ചിരുന്നു. ആഘോഷങ്ങൾക്കിടെ ഷോയിലെ മൽസരാർത്ഥിയായ പെൺകുട്ടിയുടെ മുഖത്ത് പപ്പോൺ ഛായം പൂശുകയും അതിനുശേഷം ചുംബിക്കുകയുമായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സുപ്രീം കോടതിയിലെ അഭിഭാഷകയായ റുണ ഭുയാൻ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പപ്പോണിനെതിരെ ദേശീയ ബാലവകാശ കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും പോക്‌സോ നിയമപ്രകാരം പൊലീസും പപ്പോണിനെതിരെ കേസ് എടുത്തിട്ടുണ്ട്.

പപ്പോണിന്റെ പ്രവൃത്തി കണ്ട് താൻ അതിശയപ്പെട്ടു പോയെന്ന് റുണ ഭുയാൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇത്തരം റിയാലിറ്റി ഷോകളിൽ പങ്കെടുക്കുമ്പോൾ അവരുടെ സുരക്ഷയെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നുണ്ട്. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് സിനിമകളായ ബർഫി, സുൽത്താൻ, ദം ലഗാ കേ കൈസാ തുടങ്ങിയ സിനിമകളിലെ പപ്പോണിന്റെ പാട്ടുകൾ ശ്രദ്ധ നേടിയവയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ