മുംബൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യയ്ക്ക് എതിരെ ബോളിവുഡ് ഗായകന് അങ്കിത് തിവാരിയുടെ പിതാവ് മുംബൈ ബംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് തന്നെ കൈയ്യേറ്റം ചെയ്തതായി കാണിച്ചാണ് 59കാരനായ രാജ് കുമാര്‍ തിവാരി പരാതി നല്‍കിയത്. മുംബൈയിലെ മാളില്‍ വച്ച് ആന്‍ഡ്രിയ ഇദ്ദേഹത്തിന്റെ മുഖത്ത് ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മുഖത്ത് ഇടിച്ചത് കൂടാതെ 59കാരനെ അടിക്കാനായി കാംബ്ലിയുടെ ഭാര്യ ചെരിപ്പും ഊരിയെടുത്തു. തന്നെ മാളില്‍ വച്ച് ഒരു യുവതി മര്‍ദ്ദിച്ചതായി മകനോട് പറഞ്ഞെന്നും കാംബ്ലിയും ഭാര്യയും മാപ്പ് പറയണമെന്നും രാജ് കുമാര്‍ തിവാരി പറഞ്ഞു. ഇതിന് പിന്നാലെ ഇരുവരും തങ്ങളോട് തര്‍ക്കം ആരംഭിച്ചതായും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തുവന്ന ദൃശ്യങ്ങളില്‍ രാജ് കുമാര്‍ ആന്‍ഡ്രിയ ഹെവിറ്റിനെ മനഃപൂര്‍വ്വം സ്പര്ഷിക്കുന്നതായി കാണപ്പെടുന്നില്ല. അതേസമയം രാജ് കുമാര്‍ തന്റെ ശരീരത്തില്‍ മനഃപൂര്‍വ്വം ഉരസിയതായാണ് ആന്‍ഡ്രിയ ഹെവിറ്റിന്റെ ആരോപണം. ‘ഒരാള്‍ എന്റെ ദേഹത്ത് മനഃപൂര്‍വ്വം ഉരസുകയും വൃത്തികെട്ട വാക്കുകള്‍ പറയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ ശരിയായ കാര്യമാണ് ചെയ്തത്. അദ്ദേഹത്തിന്റെ മകന് എന്നോട് വന്ന് ഇതിനെ കുറിച്ച് വാദങ്ങള്‍ ഉയര്‍ത്തിയതിന് ശേഷം പരാതി നല്കി’, ആന്‍ഡ്രിയ ഹെവിറ്റ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുകയാണ്.