മുംബൈ: പീഡന ഇരകൾ ഭിക്ഷക്കാരല്ലെന്ന് ബോംബെ ഹൈക്കോടതി. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സർക്കാരിന്‍റെ കടമയാണെന്നും അതിനെ ധര്‍മ്മം നല്‍കുന്നത് പോലെ സര്‍ക്കാര്‍ കാണരുതെന്നും കോടതി നിരീക്ഷിച്ചു.

സർക്കാരിന്‍റെ മനോധൈര്യ യോജ്ന പദ്ധതിയിൽനിന്ന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പീഡനത്തിനിരയായ പതിനാലുകാരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശം. കേസിൽ മഹാരാഷ്ട്ര സർക്കാരിന്‍റെ നിലപാടിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചു.

വിവാഹവാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി ബോറിവാലി സ്വദേശിയായ പെണ്‍കുട്ടിയാണ് കോടതിയെ സമീപിച്ചത്. മുന്പ് കേസ് പരിഗണിച്ചപ്പോൾ ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്കു നഷ്ടപരിഹാരം നൽകിയെന്നു സർക്കാർ കോടതിയെ അറിയിച്ചു.

ഇക്കുറി രണ്ടു ലക്ഷം മാത്രമേ ഇര നഷ്ടപരിഹാരം അർഹിക്കുന്നുള്ളുവെന്ന് സർക്കാർ നിലപാടെടുത്തു. ഇതേതുടർന്നാണ് കോടതി സർക്കാരിനെതിരേ രൂക്ഷവിമർശനമുയർത്തിയത്. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് ജി.എസ്.കുൽക്കർണിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഇക്കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് ഹൃദയശൂന്യവും കഠിനവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഹൃദയത്തില്‍ നിന്നാണ് സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതെങ്കില്‍ യാതൊരു പ്രശ്നവും ഉണ്ടാവുമായിരുന്നില്ലെന്ന് കോടതി പറഞ്ഞു. കോടതിയില്‍ ഹാജരായ ഡെപ്യൂട്ടി കളക്ടറോട് നിങളുടെ ബന്ധുവിനാണ് ഇത്തരത്തില്‍ സംഭവിച്ചതെങ്കില്‍ ഇതുപോലെയാണോ നടപടി എടുക്കുക എന്നും കോടതി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook