/indian-express-malayalam/media/media_files/uploads/2017/05/amit-shah-7592.jpg)
അഗർത്തല: കമ്മ്യൂണിസ്റ്റുകളെ ലോകത്തുനിന്നും കോൺഗ്രസിനെ ഇന്ത്യയിൽനിന്നും തുടച്ചുനീക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രണ്ടുപേരും നമ്മുടെ എതിരാളികളാണ്. ത്രിപുരയിൽ ബിജെപി സർക്കാർ ഭരണം നേടുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ത്രിപുരയിലെത്തിയത്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതു സർക്കാരിൽനിന്നും ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുളള 'പരിവർത്തൻ യാത്ര'യ്ക്കും അമിത് ഷാ തുടക്കം കുറിച്ചു. 2015 ഏപ്രിലിലാണ് അമിത് ഷാ അവസാനമായി ത്രിപുര സന്ദർശിച്ചത്. 1993 ൽ ഇടതു മുന്നണിയാണ് ത്രിപുര ഭരിക്കുന്നത്.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് ചെയ്ത് നരേന്ദ്ര മോദി സർക്കാരിനുളള പിന്തുണ ജനങ്ങൾ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതു മുതൽ ഇത്രയധികം സ്നേഹം നേടിയെടുത്ത നേതാവ് നരേന്ദ്ര മോദിയാണെന്നാണ് ഞ്ഞാൻ കരുതുന്നത്. ഇതിന്റെ തെളിവാണ് തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയമെന്നും അമിത് ഷാ പറഞ്ഞു.
ത്രിപുരയിലെ ബിജെപിയുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവ് അനിൽ ബാലുനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 2014ലെ തിരഞ്ഞടുപ്പിൽ കോൺഗ്രസിനെ പിന്തളളി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 2014 ൽ 15,000 അംഗങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നു 21 ലക്ഷം ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.