ഭോപ്പാൽ: പ്രാർത്ഥിക്കാനുള്ള അനുമതിയെ ചൊല്ലി ഇരുവിഭാഗങ്ങൾ ആക്രമിച്ചതിനെ തൊല്ലി ഭോപ്പാലിൽ സാമുദായിക ലഹള. ഗോന്ധി മെഡിക്കൽ കോളേജിനോട് ചേർന്ന ഹമീദിയ ആശുപത്രിയിലാണ് ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമായതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അക്രമത്തെ തുടർന്ന് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നെങ്കിലും ഒരു പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങൾ അക്രമകാരികൾ നശിപ്പിച്ചു. ഭോപ്പാൽ പഴയ നഗരത്തിൽ കനത്ത പൊലീസ് സന്നാഹം ഇപ്പോഴും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്.
ഹമീദിയ ആശുപത്രിയുടെ നിർമ്മാണം നടക്കുന്ന ഭാഗത്ത് ഒരു മിനാരം കണ്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതൊരു മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങളാണെന്ന വാദം ഉന്നയിച്ച് ഒരു വിഭാഗം മുന്നോട്ട് വന്നു. എന്നാൽ ജില്ല ഭരണകൂടം പ്രാർത്ഥിക്കാനുള്ള അനുമതി നിഷേധിച്ചു.
ഇതേ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെ ലഹള ആരംഭിക്കുകയായിരുന്നു. പിയർ ഗേറ്റ് പ്രദേശത്ത് നിന്ന് തുടങ്ങിയ അക്രമം പിന്നീട് പഴയ നഗരത്തിന്റെ ബുധ്‌വാർ ചാർ ഭട്ടി, മോതി മസ്ജിദ്, ഫത്തേഗഡ്, അഗ്രസൻ ചൗക്ക്, റോയൽ മാർക്കറ്റ്, സൈഫിയ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ മൂന്ന് മണിക്കൂറോളം കല്ലേറ് നടന്നു.