ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികൾ പൊതുസ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ നിലപാട് സ്വീകരിക്കാൻ സാധിക്കുമെന്ന് സിപിഐ സെക്രട്ടറി പറഞ്ഞു.
എന്നാൽ കോൺഗ്രസും ഇടതുപക്ഷവും പ്രധാന എതിരാളികളാകുന്ന സംസ്ഥാനങ്ങളിലടക്കം ഇത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. “ഇടതുപക്ഷവും കോൺഗ്രസും നേർക്കുനേർ മൽസരിക്കുന്ന സംസ്ഥാനങ്ങളിലും കോൺഗ്രസും പ്രാദേശിക കക്ഷികളും പ്രധാന എതിരാളികളായി വരുന്ന സംസ്ഥാനങ്ങളിലും ഇത് സാധ്യമല്ല,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ വിശ്വസിക്കുന്നത് വൺ ടു വൺ മൽസരത്തിലൂടെ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും സംയുക്ത സ്ഥാനാർത്ഥി വേണം,” സിപിഐ നയം വ്യക്തമാക്കി.
“ഉത്തർപ്രദേശിലും ബിഹാറിലും ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റത് മതനിരപേക്ഷ കക്ഷികൾക്ക് കൂടുതൽ കരുത്തേകി,” അദ്ദേഹം പറഞ്ഞു. “മതനിരപേക്ഷ കക്ഷികൾ കൂട്ടായി മൽസരിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ എളുപ്പമാണെന്ന് ഇത് തെളിയിക്കുന്നു,” സുധാകർ റെഡ്ഡി പറഞ്ഞു.
സമാജ്‌വാദി പാർട്ടിയെ പിന്തുണക്കാൻ തീരുമാനിച്ച ബിഎസ്‌പിയുടെ പരമോന്നത നേതാവ് മായാവതിയെ സിപിഐ ദേശീയ സെക്രട്ടറി അഭിനന്ദിച്ചു.