ന്യൂഡൽഹി: പായ് വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ട കമാൻഡർ അഭിലാഷ് ടോമിയെ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നും വിദഗ്‌ധ ചികിത്സയ്ക്കായി ഓസ്ട്രേലിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പിന്നീട് മൗറീഷ്യസിലേക്ക് മാറ്റും. അഭിലാഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സത്പുരയിലാകും ആംസ്റ്റർഡാമിൽനിന്നും മൗറീഷ്യസിലേക്ക് അഭിലാഷിനെ കൊണ്ടുപോവുക. മൗറീഷ്യസിലെത്താൻ മൂന്നു ദിവസമെങ്കിലും വേണ്ടിവരും. അവിടെനിന്നും വിമാന മാർഗ്ഗം അഭിലാഷിനെ ചെന്നെയിലെത്തിക്കാനാണ് നീക്കം.

ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെയാണ് മലയാളിയായ അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടത്. പായ് വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന് ടോമിയുടെ നടുവിനാണ് പരുക്കേറ്റത്. അദ്ദേഹത്തിന് അനങ്ങാൻ സാധിക്കാത്ത നിലയിലായിരുന്നു. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷിന് അടുത്തെത്തി രക്ഷപ്പെടുത്തിയത്. ബോട്ടിൽവച്ച് അദ്ദേഹത്തിന് പ്രാഥമിക ചികിൽസ നൽകി.

Read: അഭിലാഷ് ടോമി സുരക്ഷിതൻ; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം

ഇന്ത്യൻ നാവികസേനയുടെ പി-8ഐ വിമാനം നടത്തിയ തിരച്ചിലിലാണ് അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. ഇതാണ് രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമായത്. വിമാനത്തിൽ നിന്ന് അയച്ച റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചതോടെയാണ് സുരക്ഷിതനാണെന്ന് വ്യക്തമായത്.

ഫ്രാൻസിലെ ‘ലെ സാബ്‌ലെ ദെലോൻ’ എന്ന തുറമുഖത്തു നിന്ന് ജൂലൈ ഒന്നിനാണ് ഗോൾഡൻ ഗ്ലോബ് മത്സരത്തിനായുളള യാത്ര ആരംഭിച്ചത്. മൽസരത്തിന്റെ 83-ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചാണ് അഭിലാഷ് സഞ്ചരിച്ച പായ് വഞ്ചി തുരിയ തകർന്നത്. ഇതിനോടകം 19446 കിലോമീറ്റർ അഭിലാഷ് പായ് വഞ്ചിയിൽ പിന്നിട്ടിരുന്നു. അപകടത്തിൽ പെടുന്ന ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook