ന്യൂഡല്‍ഹി: ഹരിയാനയും ഉത്തരാഖണ്ഡും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി ഗോരക്ഷകരെ നിയമിക്കാനൊരുങ്ങുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനു പുറമെ അവ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യും.
ഗോരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവരില്‍ ഭൂരിഭാഗം ആളുകളും രാത്രി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി പകല്‍ പശുസംരക്ഷണത്തിന് ഇറങ്ങുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകളെ പിന്തുടര്‍ന്നാണ് സംസ്ഥാനങ്ങളുടെ പുതിയ നീക്കം.
ഗോരക്ഷകരെ നിയമിക്കുന്നതിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ നടത്താനാണ് ഹരിയാണ ഗോ സേവ ആയോഗിന്റെ തീരുമാനം. ജില്ലകളില്‍ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോ രക്ഷകരാകാന്‍ സന്നദ്ദരായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതില്‍ 80 പേരെ നിയമിക്കാനാണ് തീരുമാനം. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെങ്കിലും ഇവര്‍ക്ക് പ്രത്യേക അധികാരമൊന്നും നല്‍കില്ല.
പശുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ അത് പോലീസിനെ അറിയിക്കുക എന്നതായിരിക്കും ഇവരുടെ ചുമതല. പോലീസ് ഇവരുടെ അറിയിപ്പ് പരിഗണിച്ചിട്ടില്ലെങ്കില്‍ ഗോ സേവാ ആയോഗിനെ നേരിട്ട് സമീപിക്കാം.