ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ആര്‍എസ്എസ് അജണ്ടയായ “ലവ് ജിഹാദ് കഥകളുടെ സമാഹാരം” പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് അനുകൂല സംഘടന പുതുതായി രൂപീകരിച്ച പ്രസിദ്ധീകരണശാലയാണ് പുസ്തകം ഇറക്കുന്നത്.

“ഇങ്ങനെയും ഒരു മുഖംമൂടി” എന്ന് പേര് നല്‍കിയിരിക്കുന്ന 86 പേജ് പുസ്തകത്തില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട പതിനഞ്ച് കഥകളാണ് ഉള്ളത്. “ലവ് ജിഹാദുമായി ബന്ധപ്പെട്ട കഥകളുടെ സമാഹാരം” എന്ന ടാഗ്‌ലൈനോട് കൂടിയുള്ള പുസ്തകത്തിന്‍റെ രചയിതാവ് ഭോപ്പാലിലെ സോഷ്യോളജി ടീച്ചറായ ഡോ.വന്ദനാ ഗാന്ധിയാണ്.

ജനുവരി 19-ാം തീയതി മേളയില്‍ വച്ച് പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിക്കും എന്നാണ് പ്രസാധകരായ അര്‍ഹന പ്രകാശന്‍ അറിയിക്കുന്നത്. ജനുവരി 6 മുതല്‍ 14 വരെ പ്രഗതി മൈദാനില്‍ വച്ചാണ് എന്‍ബിടിയുടെ പുസ്തകമേള നടക്കുന്നത്. “ലവ് ജിഹാദുമായി ബന്ധപ്പെട്ടു നടന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇരകളുടെയും കഥാപാത്രങ്ങളുടെയും പേരില്‍ ചെറിയ മാറ്റം വരുത്തി എന്നതൊഴിച്ചാല്‍ അതിലുള്ളത് യതാര്‍ത്ഥ സംഭവങ്ങളാണ്. ഹിന്ദു പെണ്‍കുട്ടികളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ” ‘സ്വയംസേവക്’ എന്ന് പറഞ്ഞ് തന്നെ പരിചയപ്പെടുത്തിയ അര്‍ച്ചനാ പ്രകാശനിന്‍റെ എക്സിക്യുട്ടീവ്‌ ഓം പ്രകാശ് ഗുപ്ത പറഞ്ഞു.

ആര്‍എസ്എസ്സിന്‍റെ കീഴിലായുള്ള രാജ്യത്തെ പന്തണ്ട് പ്രസാധകര്‍ അടങ്ങിയ പ്രസാധകസംഘമാണ് അര്‍ച്ചന പ്രകാശന്‍. “ആര്‍എസ്എസ് സ്വയംസേവകരായുള്ള ഒരു സംഘം പ്രസാധകര്‍ സംയുക്തമായി നടത്തുന്ന പ്രസിദ്ധീകരണ ശാല” എന്നാണ് അര്‍ച്ചനാ പ്രകാശനെക്കുറിച്ച് ആര്‍എസ്എസിന്‍റെ ഡല്‍ഹി യൂണിറ്റിലെ പ്രചാര്‍ പ്രമുഖ് ആയ രാജീവ് തുളി പറഞ്ഞത്. “ഇതാദ്യമായാണ് ആര്‍എസ്എസിന് കീഴിലുള്ള പ്രസാധകര്‍ രാഷ്ട്രീയ സാഹിത്യ സംഘം എന്നൊരു ബാനര്‍ രൂപീകരിക്കുന്നതും അതിന് കീഴില്‍ സ്വയംസേവകര്‍ നടത്തുന്നതായ ഡസനോളം പ്രസാധകരെ അണിനിരത്തുന്നതും.” പുസ്തക പ്രകാശന ചടങ്ങില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും പങ്കെടുത്തേക്കും എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് രാജിവ് തുളി പറഞ്ഞു.

അര്‍ച്ചനാ പ്രകാശന് പുറമേ സുരുചി പ്രകാശന്‍, ജമ്മു കശ്മീര്‍ അദ്ധ്യാന്‍ കേന്ദ്ര, സസ്ക്രിത് ഭാരതി (ഡല്‍ഹി), കുരുക്ഷേത്ര പ്രകാശന്‍ (കൊച്ചി), ലോഖിത് പ്രകാശന്‍ (ലക്നൗ), സാഹിത്യ സാധനാ ട്രസ്റ്റ് (അഹമദാബാദ്), സാഹിത്യ നികേതന്‍ (ഹൈദരാബാദ്), അശ്വനി പ്രകാശന്‍ (ജലന്ധര്‍), ഭാരതീയ സന്‍സ്കൃതി പ്രചാര്‍ സമിതി (കട്ടക്ക്), ഗ്യാന്‍ ഗംഗ പ്രകാശന്‍ (ജയ്പൂര്‍), ശ്രീഭാരതി പ്രകാശന്‍ (നാഗ്പൂര്‍) എന്നീ സംഘങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടും.

എട്ടു ഭാഷകളിലായുള്ള ഏതാണ്ട് 1,500 പുസ്തകങ്ങള്‍ പുസ്തകമേളയില്‍ വില്‍ക്കാനായി വയ്ക്കും എന്നാണ് സംഘം അവകാശപ്പെടുന്നത്. ലാലാ ലജ്പത് റായി, മഹാറാണാ പ്രതാപ്, ജന സംഘം ന്നെതാവ് ദീന്‍ ദയാല്‍ ഉപാധ്യായ, ആര്‍എസ്എസ് നേതാവ് ധത്തോപന്ത് തെങ്ങാണ്ടി തുടങ്ങി ഒട്ടേറെ ഹിന്ദുത്വ നേതാക്കളെ ഏഴ് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള ഒരുനിര പുഷ്തകങ്ങള്‍ അതിലുണ്ടാകും.

“മേളയുടെ സ്റ്റാളുകള്‍ പ്രസാധകര്‍ക്ക് നല്‍കി കഴിഞ്ഞു. അതിലാരോക്കെ ആര്‍എസ്എസ് ആണ് ആരൊക്കെ ആര്‍എസ്എസ് അല്ല എന്നൊന്നും എനിക്കറിയില്ല.” നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് ചെയര്‍മാന്‍ ബാല്‍ദിയോ ഭായ് ശര്‍മയേ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു.

Read More : ഒടുവിലവര്‍ ഞങ്ങളെയും തേടി വന്നു; എന്‍ ബി ടിയേയും കാവിയണിയിച്ച് കേന്ദ്രം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ