അഹമ്മദാബാദ്: ജന്മനാടിന്റെ സ്‌നേഹം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെത്തിയ മോദി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനെ ചെയ്ത് സംസാരിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. ഇനിയുള്ള അഞ്ച് വര്‍ഷക്കാലം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കേണ്ടതാണെന്ന് മോദി അഹമ്മദാബാദില്‍ പ്രസംഗിച്ചു.

സൂറത്തിലെ തീപിടിത്തം പരാമര്‍ശിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. തീപിടിത്തതില്‍ മരിച്ചവരെ മോദി അനുസ്മരിച്ചു. ദുരന്തത്തിലുള്ള വിഷമം മോദി രേഖപ്പെടുത്തി. സൂറത്തില്‍ സംഭവിച്ചത് ഹൃദയം തകര്‍ക്കുന്ന കാര്യമാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

Read More: ഈ ജനവിധി വലിയ ഉത്തരവാദിത്തം നല്‍കുന്നു; നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ഇനിയുള്ള അഞ്ച് വര്‍ഷത്തെ 1942 – 47 കാലഘട്ടവുമായാണ് മോദി താരതമ്യപ്പെടുത്തിയത്. ഇനിയുള്ള അഞ്ച് വര്‍ഷക്കാലം ഇന്ത്യയെ സംബന്ധിച്ചിടുത്തോളം വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. അത് 1942 – 1947 കാലഘട്ടം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മികച്ചതാക്കാന്‍ നമ്മള്‍ ശ്രമിക്കണമെന്നും മോദി പറഞ്ഞു.

Narendra Modi

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ ആദരമര്‍പ്പിച്ച ശേഷമാണ് മോദി പൊതുയോഗത്തില്‍ പങ്കെടുത്തത്. ജനങ്ങളെഴുതിയ വിധി വലിയ ഉത്തരവാദിത്തമാണ് തന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നത് എന്ന് മോദി അഹമ്മദാബാദില്‍ പറഞ്ഞു. ആറാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തന്നെ താന്‍ പരസ്യമായി പറഞ്ഞതാണ് 300 ലേറെ സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന്. എന്നാല്‍, അന്ന് എല്ലാവരും തന്നെ പരിഹസിച്ചു. ഇപ്പോള്‍ ജനവിധി എല്ലാവര്‍ക്കും അറിയാമെന്നും മോദി പറഞ്ഞു. ഇത് ചരിത്രപരമായ വിധിയെഴുത്താണ്. ശക്തവും സുദൃഢവുമായി ഒരു സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിച്ചു എന്നും മോദി പറഞ്ഞു. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ ജനങ്ങൾക്കും മോദി നന്ദി പറഞ്ഞു.

Read More: ‘മൂന്നാമത്തെ കുട്ടിയെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്’; ജനസംഖ്യ നിയന്ത്രിക്കാൻ ബാബാ രാംദേവിന്റെ നിർദേശം

ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകള്‍ നേടിയതിനു ശേഷമാണ് മോദിജി ഇവിടെ എത്തിയിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിനായി ഉറക്കെ വിജയഭേരി മുഴക്കൂ. ആ ശബ്ദം പശ്ചിമ ബംഗാള്‍ വരെ എത്തണം – അമിത് ഷാ പ്രസംഗിച്ചു.

പൊതുയോഗത്തിന് ശേഷം മോദി ഗുജറാത്തിലുള്ള സ്വന്തം വീട്ടിലെത്തി അമ്മയെ കണ്ട അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു. അതിനു ശേഷം ഗുജറാത്തിലെ പാര്‍ട്ടി നേതൃത്വവുമായി മോദി ചര്‍ച്ച നടത്തി.

PM Modi seeks blessings of his mother Hiraba in Gujarat on Sunday. (Source: ANI)

അതേസമയം, നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കും. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക . രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യും. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലികൊടുക്കും. കഴിഞ്ഞ ദിവസം രാഷ്​ട്രപതിയുമായി കൂടിക്കാഴ്​ച നടത്തിയ നരേന്ദ്ര മോദി പുതിയ സർക്കാർ രൂപീകരണത്തിന്​ അവകാശവാദം ഉന്നയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook