ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യാത്രയായത് വിലപ്പെട്ട ഒരു രൂപയുടെ കടം ബാക്കിയാക്കി. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വയാണ് മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സുഷമയുമായി നടത്തിയ ഫോണ്‍ സംഭാഷണം പങ്കുവച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി 8.50 ന് സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചു എന്ന് ഹരീഷ് സാല്വ പറയുന്നു. വളരെ വൈകാരികമായ സംഭാഷണമായിരുന്നു അത്. സാല്‍വേയെ കാണണമെന്ന് സുഷമ സ്വരാജ് ഫോണില്‍ പറഞ്ഞു. കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് സാല്‍വേ. ഒരു രൂപ മാത്രമാണ് കേസിൽ വാദിച്ച് ജയിച്ചതിന് സാൽവേ ആവശ്യപ്പെട്ടത്.

കേസില്‍ വാദിച്ച് വിജയിച്ചതിനുള്ള ഫീസ് ആയ ഒരു രൂപ കൈപ്പറ്റാന്‍ ബുധനാഴ്ച ആറ് മണിയ്ക്ക് വരൂ എന്ന് തന്നോട് സുഷമ സ്വരാജ് ഫോണില്‍ പറഞ്ഞതായി സാല്‍വേ പങ്കുവയ്ക്കുന്നു. വളരെ വിലപ്പെട്ട ഫീസാണ് അതെന്നും അത് വാങ്ങാന്‍ താന്‍ എത്തുമെന്നും സുഷമയോട് താന്‍ തിരിച്ചു പറഞ്ഞതായു സാല്‍വേ പറയുന്നു. മരിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പായിരുന്നു ഈ ഫോണ്‍ സംഭാഷണം. ഈ ഒരു രൂപ ഫീസ് സാല്‍വേയ്ക്ക് നല്കാന് സാധിക്കാതെയാണ് സുഷമയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.
Read Also: ബിജെപിയുടെ ജനകീയ പെണ്മുഖം; 25-ാം വയസില്‍ മന്ത്രി
കുൽഭൂഷൺ ജാദവ് കേസിൽ നിർണായക ഇടപെടൽ നടത്തിയ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്. പാക്കിസ്ഥാനുമായി ഇക്കാര്യത്തിൽ നിരവധി തവണ സുഷമ ചർച്ച നടത്തിയിട്ടുണ്ട്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2014 മുതൽ 2019 വരെയാണ് സുഷമ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചത്.
ഇന്ന് വൈകീട്ട് നാലിനാണ് സുഷമയുടെ ഭൗതികശരീരം സംസ്കരിക്കുക. ഇപ്പോള്‍ ഡല്‍ഹിയിലുള്ള സുഷമയുടെ വസതിയില്‍ പൊതുദര്‍ശനം നടക്കുന്നത്. 11 മണി വരെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. വൈകീട്ട് മൂന്നോടെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. നാലോടെ ഭൗതികശരീരം വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും.
നിരവധി നേതാക്കളാണ് സുഷമയെ അവസാനമായി കാണാന്‍ ഡല്‍ഹിയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ലോക്സഭ പിരിഞ്ഞെങ്കിലും എംപിമാര്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നു. അതിനാല്‍ ഡല്‍ഹിയിലെ വസതിയിലെത്തി സുഷമയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് അതിരാവിലെ തന്നെ നേതാക്കളുടെ ഒഴുക്കായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഇന്ന് രാവിലെ സുഷ്മ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 7.30 ഓടെ സുഷമയുടെ ഡല്‍ഹിയിലുള്ള വസതിയിലെത്തിയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പ്രമുഖ നേതാക്കളെല്ലാം ഇന്ന് രാവിലെ എത്തി സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.