കൊച്ചി: കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് പിഎച്ച്ഡി യോഗ്യത ഹൈക്കോടതി നിര്‍ബന്ധമാക്കിയതോടെ നിലവില്‍ പ്രിന്‍സിപ്പലായിരിക്കുന്ന സീനിയര്‍ അസോസിയേറ്റ് പ്രൊഫസര്‍മാരെ തള്ളാനും കൊള്ളാനുമാകാതെ സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 65 സര്‍ക്കാര്‍ കോളജുകളില്‍ 31 ഇടങ്ങളിലും ഇപ്പോള്‍ പ്രിന്‍സിപ്പല്‍മാരില്ല. ബാക്കിയുള്ളവയില്‍ 13 കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് പിഎച്ച്ഡി യോഗ്യതയില്ല. ഇവരെ വീണ്ടും അസോസിയേറ്റ് പ്രൊഫസര്‍മാരാക്കുന്നതിനാണ് സര്‍ക്കാരിനു മടിയുള്ളത്. ഇടതനുകൂല സംഘടന എകെജിസിടി വിഷയത്തില്‍ നിലപാടെടുക്കാത്തത് ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും വലയ്ക്കുന്നു.

2010 മുതലാണു സംഭവങ്ങളുടെ തുടക്കം. യുജിസി പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കോളജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് 15 വര്‍ഷം പരിചയസമ്പത്തും പിഎച്ച്ഡിയും വേണം. കേരളത്തിലെ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിന് സര്‍വീസ് ചട്ടത്തിലെ പ്രത്യേക റൂള്‍ പ്രകാരം പരിചയ സമ്പത്ത് മാത്രമായിരുന്നു മാനദണ്ഡം. എന്നാല്‍ യുജിസി പിഎച്ച്ഡി കൂടി നിഷ്‌കര്‍ഷിച്ചതോടെ സ്വകാര്യ-മാനേജ്മെന്റ് കോളജുകളിലെ പിഎച്ച്ഡിയുള്ള അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ നിയമം കേരളത്തിലെ കോളജുകള്‍ക്ക് ബാധകമാണോയെന്ന് അവര്‍ ഹൈക്കോടതിയില്‍ ആരാഞ്ഞു. വിവിധ സിംഗിള്‍ ബെഞ്ചുകളിലും ഡിവിഷന്‍ ബെഞ്ചുകളിലുമായി എത്തിയ 12 ഹര്‍ജികള്‍ പരിഗണിച്ചശേഷം യുജിസി മാനദണ്ഡം ബാധകമാണെന്ന് 2014 ഫെബ്രുവരിയില്‍ ഫുള്‍ ബെഞ്ച് ഉത്തരവിട്ടു.

2010 മുതല്‍ നടന്ന നിയമനങ്ങള്‍ക്ക് ഉത്തരവ് ബാധകമായതോടെ സര്‍ക്കാര്‍ ബുദ്ധിമുട്ടിലായി. ഇതിനുശേഷം പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം കിട്ടയവരില്‍ പലര്‍ക്കും പിഎച്ച്ഡി യോഗ്യതയില്ലായിരുന്നു. ഇവരില്‍ ചിലര്‍ വിരമിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രിന്‍സിപ്പലായി തുടരുന്ന 13 പേര്‍ക്കും പിഎച്ച്ഡിയില്ല. കോടതിയുത്തരവ് നടപ്പിലാക്കിയാല്‍ വിരമിച്ചവരുടെയുള്‍പ്പടെ പ്രിന്‍സിപ്പല്‍ നിയമനം പിന്‍വലിക്കേണ്ടി വരും. ഇവര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പിന്‍വലിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. വളരെ വിരളമായി മാത്രമാണ് ഇത്തരത്തില്‍ നിയമനങ്ങള്‍ പിന്‍വലിക്കാറുള്ളത്.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണു സര്‍ക്കാര്‍ തേടുന്നത്. നിലവിലെ 31 ഓളം ഒഴിവുകള്‍ നികത്താമെന്നിരുന്നിട്ടും സര്‍ക്കാര്‍ ഇതിന് മുതിരുന്നില്ല. ഇടതനുകൂല സംഘടനയായ എകെജിസിടി വിഷയത്തില്‍ വ്യക്തമായ നിലപാട് കൈക്കൊണ്ടിട്ടില്ല. രണ്ടിലേത് തീരുമാനമെടുത്താലും അധ്യാപകരില്‍ ഒരു വിഭാഗം പിണങ്ങുമെന്നതാണ് പ്രശ്നം. ഇപ്പോഴുള്ള ഒഴിവുകളില്‍ പുതിയ മാനദണ്ഡം പ്രകാരം നിയമനം നടത്താമെന്നും ഇതുവരെയുള്ളവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിവ്യു ഹര്‍ജി കഴിഞ്ഞ ഒക്ടോബര്‍ 26 ന് തള്ളിയിരുന്നു. ഇതിന് അപ്പീല്‍ പോകുമെന്നാണ് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ