പാറ്റ്ന: തോക്കിൻ മുനയിൽ ബിരുദ വിദ്യാർത്ഥിയെ രണ്ടുപേർ ബലാത്സംഗത്തിനിരയാക്കി. പാറ്റ്നയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി സംഭവം ഒരു സുഹൃത്തിനോട് വിവരിച്ചതിന് ശേഷമാണ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന തലസ്ഥാനത്തെ ഒരു സ്ഥാപനത്തിൽ നിന്ന് വിദൂര വിദ്യാഭ്യാസ ബിരുദ പ്രോഗ്രാമിന് ചേർന്ന് പഠിക്കുന്ന പെൺകുട്ടി പാറ്റ്നയിൽ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.

പ്രധാന പ്രതികളായ വിനായക് സിംഗ്, സന്ദീപ് മുഖിയ എന്നിവരെ സഹായിച്ചതായി ആരോപിക്കപ്പെടുന്ന വികാസ് കുമാർ, കുഷ് കുമാർ എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പട്ന സീനിയർ പോലീസ് സൂപ്രണ്ട് ഉപേന്ദ്ര ശർമ പറഞ്ഞു. വിനായക് ബുധനാഴ്ച പട്ന കോടതിയിൽ കീഴടങ്ങി. സന്ദീപ് ഒളിവിലാണ്. പ്രതികളെല്ലാം പ്രദേശത്ത തന്നെ ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു.

രാത്രി 7.30 ഓടെയാണ് നാല് പ്രതികൾ പെൺകുട്ടിയെ തോക്ക് ചൂണ്ടി ഒരു മാളിനടുത്ത് നിന്ന് കാറിൽ ഇരിക്കാൻ നിർബന്ധിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരിൽ രണ്ടുപേർ മറ്റൊരു മാളിന് പുറകിലുള്ള അപ്പാർട്ട്മെന്റിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്താൽ ബലാത്സംഗത്തിന്റ വീഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

പാറ്റ്നയ്ക്ക് അടുത്തുള്ള ദുൽഹിൻ ബസാർ നിവാസിയായ സന്ദീപ് സംസ്ഥാന തലസ്ഥാനത്ത് പാർക്കിംഗ് കരാർ ബിസിനസ്സ് നടത്തിയിരുന്നയാളാണ്. ഇയൾക്ക് യുവതിയെ പരിചയമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്ത ആളാണ് സന്ദീപ്. ഹാജിപൂരിൽ നിന്നുള്ള വിനായക് സിങിന് ക്രിമിനൽ പശ്ചാത്തലമുണ്ട്.

കുഷും വികാസും വിനായകുമായി ചേർന്ന് ചെറിയ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഫോറൻസിക് തെളിവുകൾ സംരക്ഷിക്കുന്നതിനായി സംഭവസ്ഥലം അടച്ചിട്ടിരിക്കുകയാണെന്ന് പാറ്റ്ന വനിതാ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ആരതി ജയ്‌സ്വാൾ പറഞ്ഞു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

2019 സെപ്റ്റംബർ വരെ 1,165 ബലാത്സംഗ കേസുകളാണ് ബീഹാർ പോലീസ് റിപ്പോർട്ട് ചെയ്തത്. 2018 ൽ 1,475, 2017 ൽ 1,108, 2016 ൽ 1,008 എന്നിങ്ങനെയായിരുന്നു റിപ്പോർട്ട് ചെയ്ത കേസുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook