സാത്‌ന (മധ്യപ്രദേശ്): വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറിനുളളിൽനിന്ന് ശസ്ത്രക്രിയ വഴി ഡോക്ടർമാർ പുറത്തെടുത്തത് 5 കിലോയുടെ ഇരുമ്പ്. 32 കാരനായ മുഹമ്മദ് മക്‌സൂദിന്റെ വയറിനുളളിൽ നിന്നാണ് 263 നാണയങ്ങളും ഷേവിങ് ബ്ലേഡുകളും ആണികൾ അടക്കം 5 കിലോയുടെ ഇരുമ്പ് കണ്ടെടുത്തത്.

സാത്‌ന ജില്ലയിലെ സോഹവാൽ സ്വദേശിയാണ് മുഹമ്മദ് മക്‌സൂദ്. വയറുവേദനയെത്തുടർന്ന് നവംബർ 18 നാണ് ഇയാള സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. എക്സറേ നടത്തിയപ്പോഴാണ് വയറുവേദനയുടെ കാരണം മനസ്സിലായതെന്ന് ഇയാളെ ചികിൽസിച്ച ഡോക്ടർ പ്രിയങ്ക ശർമ്മ പറഞ്ഞു. ആറു ഡോക്ടർമാർ അടങ്ങിയ ടീമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ 10-12 ഷേവിങ് ബ്ലേഡ്, 4 വലിയ സൂചികൾ, 263 നാണയങ്ങൾ, ഗ്ലാസ് ചില്ലുകൾ, ആണികൾ എന്നിവയടക്കം 5 കിലോയുടെ ഇരുമ്പാണ് പുറത്തെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

രഹസ്യമായാണ് ഈ വസ്തുക്കൾ മക്‌സൂദ് വിഴുങ്ങിയതെന്ന് കരുതുന്നതായും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടർ ശർമ്മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ