ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ അറുപതോളം കേന്ദ്രങ്ങളിലാണു റെയ്ഡ് നടക്കുന്നത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23 നു കോയമ്പത്തൂര്‍ ഉക്കട കോട്ടമേട് ഈശ്വരന്‍ ക്ഷേത്രത്തിനു സമീപത്തുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ മരിച്ച ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (29) കേരളത്തില്‍ എത്തി പലരെയും കണ്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
ജമേഷ മുബിനു രാജ്യാന്തര ഭീകരസംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്നാണ് എന്‍ ഐ എ പറയുന്നത്. കേസില്‍ കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ദല്‍ഹ (25), മുഹമ്മദ് അസറുദ്ദീന്‍ (25), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായില്‍ (27), മുഹമ്മദ് നവാസ് ഇസ്മായില്‍ (27) എന്നിവരെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തിട്ടുണ്ട്.
മുബീനു സ്ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചവരെയാണ് അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയാണു പ്രതികള്‍ സ്ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.
പൊലീസ് നേരത്തെ നടത്തിയ റെയ്ഡില്‍ ഇവരുടെ കേന്ദ്രത്തില്‍നിന്നു സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നതായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു.