ചെന്നൈ:കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം നടത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
സ്‌ഫോടനത്തില്‍ സംസ്ഥാനത്തിന് പുറത്തും അന്താരാഷ്ട്ര ബന്ധവും സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് അന്വേഷണം കേന്ദ്ര തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായത്. തുറന്നിട്ട ഗ്യാസ് സിലിണ്ടറുകളുമായി ഉക്കടം സ്വദേശി ജമീഷ മുബീനാണ് കാറോടിച്ചെത്തിയത്. എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മുബിന്‍ ക്ഷേത്രത്തിന് സമീപമുള്ള പോലീസ് ചെക്ക്പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായി സംസ്ഥാന പോലീസ് മേധാവി സി ശൈലേന്ദ്ര ബാബു തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുബിനുമായി ബന്ധമുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് പൊലീസ് ചെയ്തത്.
ശ്രീലങ്കയിലെ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമുമായി ബന്ധപ്പെട്ട സംഘവുമായുള്ള ബന്ധമുണ്ടെന്ന സംശയത്തില്‍ 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി മുബീനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.