ന്യൂഡൽഹി: തലസ്ഥാനത്തെ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിവിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ. തനിക്ക് കിട്ടിയ ഭക്ഷണത്തിൽ പാറ്റയുണ്ടായിരുന്ന വിവരം യാത്രക്കാരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ശേഷം എയർ ഇന്ത്യയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്താകുന്നത്.

“ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായുള്ള ഡൽഹിയിലെ നിങ്ങളുടെ ലോഞ്ചിൽ ഭക്ഷണം വിതരണം ചെയ്ത പാത്രത്തിൽ പാറ്റ. അറപ്പുളവാക്കുന്നു”, യാത്രക്കാരിയും മാധ്യമപ്രവർത്തകയുമായ ഹരീന്ദർ ബവേജ കുറിച്ചു.

ട്വീറ്റിന് ഉടനടി മാപ്പ് പറഞ്ഞ എയർ ഇന്ത്യ അധികൃതർ, കാറ്ററിംഗിന് കരാറെടുത്തവരോട് ആവശ്യമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

“ഞങ്ങളീ ദുരനുഭവത്തിന് ക്ഷമ ചോദിക്കുന്നു. മൂന്നാം നമ്പർ ടെർമിനലിലെ ലോഞ്ച് കൈകാര്യം ചെയ്യുന്നവരോട് ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുത്തൽ നടപടികൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ ആഴത്തിൽ ക്ഷമ ചോദിക്കുന്നു”, എയർ ഇന്ത്യ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ