scorecardresearch
Latest News

ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനിക്കപ്പല്‍ ‘ഐ എന്‍ എസ് വിക്രാന്ത്’ ഇനി നാവികസേനയ്‌ക്കൊപ്പം

45,000 ടണ്ണിനടുത്ത് ഭാരമുള്ള ഐ എന്‍ എസ് വിക്രാന്ത്, ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. 262 മീറ്ററാണു നീളം

INS Vikrant, Aircraft carrier, Indian Navy

കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് (ഐ എ സി-1) നാവികസേനയ്ക്കു നിര്‍മാതാക്കളായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കൈമാറി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവേളയില്‍ കപ്പല്‍ നാവികസേനയുടെ ഭാഗമാകും.

ഓഗസ്റ്റില്‍ ഔദ്യോഗികമായി നാവിക സേനയുടെ ഭാഗമാകുന്ന കപ്പലിന്റെ കമ്മിഷനിങ്ങും ആ സമയത്ത് നടക്കുമെന്നമെന്നു പ്രതിരോധ വൃത്തങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനു ഐ എ സി-1 സഹായിക്കുമെന്നു പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഐ എ സി-1ന്, 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച രാജ്യത്തിന്റെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിന്റെ പേര് നല്‍കുകയായിരുന്നു. 45,000 ടണ്ണിനടുത്ത് ഭാരമുള്ള ഐ എന്‍ എസ് വിക്രാന്ത്, ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണ്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് സി എം ഡി മധു എസ് നായരില്‍നിന്ന് നാവിക സേനയ്ക്കു വേണ്ടി വിക്രാന്ത് കമാന്‍ഡിങ് ഓഫിസര്‍ കമഡോര്‍ വിദ്യാധര്‍ ഹാര്‍കെയാണ് ഔദ്യോഗിക രേഖകള്‍ ഒപ്പിട്ടു സ്വീകരിച്ചത്.

”ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവേളയിലെ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷത്തോടനുബന്ധിച്ച്, വിക്രാന്തിന്റെ പുനര്‍ജന്മം, സമുദ്ര സുരക്ഷാ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ഉത്സാഹത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ്,” കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

262 മീറ്റര്‍ നീളമുള്ള ഐ എ സി-1 മുന്‍ഗാമിയേക്കാള്‍ വലുതും വിശാലവുണാണ്. 88 മെഗാവാട്ട് പവര്‍ ഉള്ള നാല് ഗ്യാസ് ടര്‍ബൈനുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 28 നോട്ട്‌സാണു പരമാവധി വേഗത.

മൂന്നു ഘട്ടങ്ങളിലായാണു വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അവസാനഘട്ടം 2019 ഒക്ടോബറില്‍ പൂര്‍ത്തിയായി. തുടര്‍ന്നു നിരവധി തവണ നടന്ന കടല്‍ പരീക്ഷണങ്ങളിൽ കപ്പലിന്റെയും നിരീക്ഷണസംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ശേഷി വിജയരമായി പരീക്ഷിച്ചിരുന്നു.

ഏതാണ്ട് 20,000 കോടി രൂപയാണു മൊത്തം നിര്‍മാണച്ചെലവ്. കപ്പലിന്റെ 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്.

ഷോര്‍ട്ട് ടേക്ക്-ഓഫ്, അറെസ്റ്റഡ് ലാന്‍ഡിംഗ് സംവിധാനമുള്ള വിക്രാന്തിനു 30 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മിഗ്-29 കെ ഫെറ്റര്‍ ജെറ്റുകള്‍, കാമോവ്-31, എംഎച്ച്-60 ആര്‍ മള്‍ട്ടി-റോള്‍ ഹെലികോപ്ടറുകള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍ എന്നിവ വഹിക്കാവുന്ന തരത്തിലാണു നിര്‍മാണം.

മൂന്ന് റണ്‍വേയാണ് വിമാനത്തിലുള്ളത്. ഇവയില്‍ രണ്ടെണ്ണം വിമാനങ്ങള്‍ പറന്നുയരാനുള്ളതാണ്. യഥാക്രമം 203 ഉം 141 ഉം മീറ്ററാണ് ഈ റണ്‍വേകളുടെ നീളം. ഇറങ്ങാനുള്ള റണ്‍വേയുടെ നീളം 190 മീറ്ററാണ്.

14 ഡക്കുകളാണ് കപ്പലിനുള്ളത്. ഫ്‌ളൈറ്റ് ഡെക്കിനു മുകളിലായി സൂപ്പര്‍ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒന്‍പതും ഡെക്കുകള്‍. വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ആണ് ഒരു ഡെക്ക്. ഇതില്‍ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറില്‍നിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങള്‍ ഫ്‌ളെറ്റ് ഡെക്കിലെത്തിക്കുക.

മൊത്തം ഡെക്കുകളിലായി 2300 കമ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ 1850 എണ്ണം നാവികരുടെ താമസത്തിനും ഓഫിസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളുണ്ട്. ഇതു കഴിഞ്ഞുള്ള ക്യാബിനുകളിലാണ് യുദ്ധോപകരണങ്ങളും മറ്റും സൂക്ഷിക്കുക. കപ്പലിലാകെ ഉപയോഗിച്ചിരിക്കുന്നത് 2100 കിലോ മീറ്റര്‍ കേബിള്‍.

100 ഓഫിസര്‍ ഉള്‍പ്പെടെ ആയിരത്തി ഏഴുന്നൂറോളം നാവികരെ ഉള്‍ക്കൊളളാനാവുന്ന കപ്പലിനു വലുപ്പം വച്ച് നോക്കുമ്പോള്‍ മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങളുടെ അത്ര വരും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cochin shipyard delivers countrys first indigenously made aircraft carrier vikrant to navy

Best of Express