scorecardresearch
Latest News

പണം വാങ്ങിഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാൻ മാധ്യമങ്ങളെന്ന് കോബ്രപോസ്റ്റ്, തെറ്റിദ്ധാരണജനകമെന്ന് സ്ഥാപനങ്ങൾ

മാധ്യമസ്ഥാപനങ്ങൾ പണം കൈപറ്റി ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാൻ തയ്യാറായി എന്ന കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സപ്രസ്സിനുവേണ്ടി കൃഷൻ​ കൗശിക് നടത്തി അന്വേഷണം

cobra post

“ഹിന്ദുത്വ”രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനും കോൺഗ്രസ്, ബിഎസ്‌പി, എസ്‌പി, ജനതാദൾ (എസ്) എന്നീ രാഷ്ട്രീയപാർട്ടികളുടെ ഉൾപ്പെടയുളള നേതാക്കളെ വിമർശിക്കുന്ന വാർത്തകൾ നൽകുന്നതിനും 27 മാധ്യമ സ്ഥാപനങ്ങളിലെ സീനിയർ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണം 49 വീഡിയോകളിലായി കോബ്രാ പോസ്റ്റ് വെബ് പോർട്ടൽ​ പുറത്തുവിട്ടു.

നെറ്റ് വർക്ക് 18, സീ ന്യൂസ്, ടൈംസ് ഗ്രൂപ്പ്, ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ദൈനിക് ജാഗരൺ, ഹിന്ദുസ്ഥാൻ ടൈംസ്,  ഇ വാലറ്റ്  കമ്പനിയായ പേടിഎം എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ചില മാധ്യമ ഉടമകളും എഡിറ്റർമാരും ഈ​ വിഡിയോകളിൽ ഉൾപ്പെടുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്സൺ കല്ലി പുരി, ടൈസ് ഗ്രൂപ്പ് മാനേജിങ് എഡിറ്റർ വിനീത് ജെയിൻ പേടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ്മയുടെ സഹോദരനും കമ്പനിയുടെ വൈസ് പ്രസിഡന്റുമായ അജയ് ശേഖർ ശർമ്മ, ഭാരത് സമാചാറിന്റെ എഡിറ്റർ ഇൻ ചീഫും സിഇഒയുമായ ബ്രിജേഷ് മിശ്ര എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

‘മാധ്യമ ദുരാചാരങ്ങളെ’ കുറിച്ചുളള ഓപ്പറേഷൻ 136-II ഡോക്യുമെന്ററി പുറത്തുവിടുന്നതിൽ നിന്നും ഡൽഹി ഹൈക്കോടതി വ്യാഴാഴ്‌ച കോബ്രപോസ്റ്റിനെ തടഞ്ഞിരുന്നു. ദൈനിക് ഭാസ്കർ കോർപ്പറേഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. ഇതേ തുടർന്ന് കോബ്രപോസ്റ്റ് വാർത്താസമ്മേളനം മാറ്റിവച്ച് വിഡിയോ ഓൺലൈനിൽ പുറത്തുവിടുകയായിരുന്നു.

“ആയുഷി”ൽ മുസ്‌ലിങ്ങളെ നിയമിക്കുന്നില്ലെന്നും അതിന്റെ രേഖകൾ വിവരാവകാശ പ്രകാരം തന്റെ കൈവശമുണ്ടെന്നും 2016 ൽ വെളിപ്പെടുത്തിയ പുഷ്‌പ ശർമ്മയാണ് മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾ ചെയ്തിട്ടുളളത്. ആയുഷ് സംബന്ധിച്ച് ശർമ്മ പുറത്തുകൊണ്ടുവന്ന രേഖകൾ വ്യാജമാണെന്ന് ആരോപിച്ച, സർക്കാർ, പുഷ്‌പ ശർമ്മയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ​ വിടുകയും ചെയ്തിരുന്നു. ​

പ്രാദേശിക ടിവി ചാനലുകൾക്ക് ഒന്നരക്കോടി മുതൽ ദേശീയ ടെലിവിഷന്‍ നെറ്റ്‌വർക്കുകൾക്ക് 500 കോടി രൂപവരെ നൽകാമെന്നായിരുന്നു മാധ്യമ സ്ഥാപനങ്ങളെ സമീച്ച പ്രച്ഛന്ന റിപ്പോർട്ടറായ പുഷ്‌പ ശർമ്മ വാഗ്‌ദാനം ചെയ്തത്. സ്റ്റാർ ഇന്ത്യയും, ടൈംസും ഗ്രൂപ്പും ഉൾപ്പടെയുളളവരോടാണ് ഈ വാഗ്‌ദാനം മുന്നോട്ട് വയ്ക്കുന്നത്. പണം കൈമാറുന്നതോ കരാർ ഒപ്പിടുന്നതോ ആയ കാര്യങ്ങളൊന്നും പുറത്തുവന്ന വിഡയോകളിൽ കാണാനില്ല.

ശ്രീമദ് ഭഗവദ് ഗിതാ പ്രചാർ സമിതി എന്ന ഇല്ലാത്ത സ്ഥാപത്തിന്റെ ആചാര്യനായാണ് പുഷ്‌പ ശർമ്മ മാധ്യമങ്ങളെ സമീപിച്ചത്. ഗീതയിൽ നിന്നുളള കൃഷ്ണന്റെ ഉദ്ധരണികളെ ഉപയോഗിച്ച് ഹിന്ദുത്വം പ്രചരിപ്പരിപ്പിക്കുകയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ രാഷ്ട്രീയ എതിരാളികളെ ‘പപ്പു’, ‘ബുവാ’, ‘ബാബുവാ’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ പരിഹസിക്കുകയും താറടിച്ചു കാണിക്കുയും തീപ്പൊരി ഹിന്ദുനേതാക്കളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നായിരുന്നു ആവശ്യം.

പൊതുതിരഞ്ഞെടുപ്പ് വരുമ്പോൾ ആക്രമണോത്സുകമായ പ്രചാരണം നടത്തുന്നതാണ് മൂന്നാം ഘട്ടം. ഈ ഉളളടക്കങ്ങൾ ഉപയോഗിച്ച് തന്റെ സംഘടന വർഗീയ ധ്രുവീകരണ അന്തരീക്ഷം താഴെത്തട്ടിൽ സൃഷ്ടിക്കുമെന്നും ശർമ്മ മാധ്യമ സ്ഥാപനങ്ങളോട് പറയുന്നു.
പരസ്യകാര്യത്തിൽ മാനദണ്ഡങ്ങൾക്കുളളിൽ നിന്നുളള എന്തുതരം ഉളളടക്കവും നൽകുമെന്ന് ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ കല്ലി പുരി പറയുന്നു. എന്നാൽ എഡിറ്റോറിയൽ കാര്യത്തിൽ ഇടപെടാൻ പാടില്ലെന്നും, എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ആഭ്യന്തരമായി ഉളളടക്കം രൂപപ്പെടുത്താമെന്നും കല്ലിപുരി പറയുന്നു.

താഴതട്ടിൽ തന്റെ “സംഘടന” വർഗീയധ്രുവീകരണത്തിനായി നടത്തുന്ന ക്യാംപെയിൻ നടത്തുന്നതിന് ഇന്ത്യാ ടുഡേയ്ക്ക് ഉത്തരവാദിത്വമുണ്ടാകില്ലെന്ന് പ്രച്ഛന്ന റിപ്പോർട്ടർ പറയുന്നു. സമ്മതിച്ചു, പക്ഷേ താഴെതട്ടിൽ ചെയ്യുന്ന കാര്യങ്ങളോട് എഡിറ്റോറിയലായി അംഗീകരിക്കില്ലെന്നും നിങ്ങളെ ഞങ്ങൾ വിമർശിക്കുമെന്നും കല്ലിപുരി മറുപടി പറയുന്നു

ഇന്ത്യന്‍ എക്സ്പ്രസ്, സ്റ്റിങ് ഓപ്പറേഷനിൽ പറയുന്ന 25 മാധ്യമ സ്ഥാപനങ്ങൾക്കും ഈ വീഡിയോയുടെ വിശ്വാസ്യതയെ കുറിച്ച് അന്വേഷിച്ച് ഇ മെയിൽ അയച്ചിരുന്നു ഇതിനെ ഫോളോ അപ്പും ചെയ്തിരുന്നു. എന്നാൽ ഇന്ത്യാ ടുഡേയിൽ നിന്നും അതിന് മറുപടി ലഭിച്ചില്ല. എന്നാൽ കോബ്രാ പോസ്റ്റ് വിഡിയോയുമായി ബന്ധപ്പെട്ട് അവർ പുറത്തിറക്കിയ പ്രസ്താവനയിൽ നൽകുന്ന വിശദീകരണം ഇതാണ്: ഇന്ത്യാ ടുഡേ ഗ്രൂപ്പ് അധാർമ്മികമായി ഒന്നും ചെയ്യില്ല. ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിഭാഗീയത സൃഷ്ടിക്കുന്ന പരസ്യങ്ങളൊന്നും സ്വീകരിക്കില്ലെന്നും തങ്ങളുടെ ചാനലുകൾ സംപ്രേഷണം ചെയ്യില്ലെന്നും അവർ പറയുന്നു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ ശരിയായ വിധത്തിലല്ലെന്നും സത്യം വളച്ചൊടിച്ചതാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കാനുളള വ്യക്തമായ ഉദ്ദേശ്യത്തോടെ ഉളളടക്കം വളച്ചൊടിച്ചതാണ് ആ വീഡിയോ എന്നും പ്രസ്താവനയിൽ അവകാശപ്പെടുന്നു. ടൈംസ് ഗ്രൂപ്പ് എംഡി വിനീത് ജയിനുമായുളള സംഭാഷണത്തിൽ ശർമ്മ പറയുന്നത് പണം നൽകുന്നതിനെ കുറിച്ചാണ്. 50 കോടി രൂപ പണം നൽകാമെന്ന്. എന്നാൽ ജയിനും ഒപ്പമുളളയാളും  ചെക്കായി നൽകണമെന്ന്  പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നു.

ശർമ്മയുമായി സഹകരിക്കാമെന്നും എന്നാൽ തങ്ങൾക്ക് പുറത്ത് നിഷ്‌പക്ഷരായി കാണപ്പെടേണ്ടതുണ്ടെന്നും വീഡിയോയിൽ വിനീത് ജയിൽ പറയുന്നു. ഒരു കോർപ്പറേറ്റ് എന്ന നിലയിൽ​ നിഷ്‌പക്ഷമായി കാണപ്പെടേണ്ടതുണ്ട്. കഴിയുന്നത്ര നിഷ്‌പക്ഷമായി എന്ന് പറയുന്നു.

പണം ഇടപാട് എങ്ങനെ നടത്താമെന്നതിനെ കുറിച്ച്  ഇരുവരും സംസാരിക്കുന്നുണ്ട്. ക്യാഷായി നൽകുന്നതിന് പകരം കോർപ്പറേറ്റ് സ്ഥാപനങ്ങൾ വഴി ഇടപാട് നടത്താനുളള​ സാധ്യതയെ കുറിച്ചാണ് ആ സംസാരം.

ഗുജറാത്തിലെ ബിസിനസ്സുകാരനുണ്ട്. അയാളുടെ പേരന്താണ്? ആ വലിയ ബിസിനസ്സുകാരൻ എന്ന് ജയിൻ ചോദിക്കുന്നു.

എസ്സാർ വലുതാണ്, അംബാനി വലുതാണ് പിന്നെ അദാനിയും അവിടെയുണ്ട് വീഡിയോ ഫ്രെയിമിൽ കാണാനില്ലാത്ത ഷായുടേതെന്ന് കരുതുന്ന വാക്കുകളാണിത്. നിങ്ങൾക്ക് എസ്സാറിനെയും അദാനിയെയും പരിഗണിക്കണം. ഏതൊരു കോർപ്പറേറ്റ് സ്ഥാപനത്തിൽ നിന്നും  സ്വീകരിക്കുന്നത്  ഞങ്ങൾക്ക് പ്രശ്നമില്ല, നിങ്ങൾക്ക് സൗകര്യമായതേതായലും അത് തിരഞ്ഞെടുക്കൂ.

ഈ​ വിഷയത്തിൽ പ്രതികരണം ആരാഞ്ഞ് ഇന്ത്യന്‍ എക്സ്പ്രസ് രണ്ട് ഇ മെയിൽ ജയിന് അയച്ചുവെങ്കിലും മറുപടി ഉണ്ടായില്ല.

cobrapost

എച്ച് ടി മീഡിയയുടെ ചീഫ് റവന്യൂ ഓഫീസർ അനിൽ ദുവയുമായുളള സംഭാഷണമാണ് വിഡിയോയിൽ പുറത്തുവന്നിട്ടുളളത്. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറയൂ അത് ചെയ്യുന്നതിന് ഞങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നാണ് അനിൽ ദുവ പറയുന്നത്. എച്ച് ടി മീഡിയയുടെ ചെയർപേഴ്സൺ ശോഭനാ ഭാരതിയ കാണുന്നതിനെ കുറിച്ചും പറയുന്നുണ്ട്. നമ്മൾ ഒരു ബിസിനസ് തുടങ്ങുമ്പോൾ പരസ്‌പരം അറിഞ്ഞിരിക്കണം. ശോഭന ഭാരതിയയെ  കാണാനുളള സൗകര്യം ഒരുക്കാം ബുദ്ധിമുട്ടുളള കാര്യമല്ല അത്. സിഇ​ഒയെ കണ്ടതിന് ശേഷം ആരംഭിക്കാം. അതാണ് ഞാൻ നൽകുന്ന ഉറപ്പെന്ന് അനിൽ ദുവെ പറയുന്നു.

പെയ്ഡ് ന്യൂസിനെ നിരുത്സാഹപ്പെടുത്തുന്ന തങ്ങളുടെ എഡിറ്റോറിയൽ നയം സമാനതകളില്ലാത്തതാണെന്ന് അതിൽ അഭിമാനം കൊളളുകയും ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോട്  ദുവെ ഇമെയിലിൽ പ്രതികരിച്ചു. നിയമപരവും ഉചിതവും ഞങ്ങളുടെ എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്ക് യോജിക്കുന്നതുമാകണമെന്ന് എന്റെ വ്യക്തിഗതമായ അഭിപ്രയാത്തിൽ വ്യക്തമായി പറയുന്നുണ്ട്. എന്റെ അഭിപ്രായം പൂർണമായും നൽകിയിട്ടില്ലെന്നും സൗകര്യപ്രദമായി എഡിറ്റ് ചെയ്തിരിക്കുകയാണെന്നും ദുവെ അവകാശപ്പെട്ടു.

ആർഎസ്എസ്സിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തയാളാണ് താനെന്ന് പേടിഎമ്മിന്റെ അജയ് ശേഖർ ശർമ്മ റിപ്പോർട്ടറോട് പറയുന്നുണ്ട്.  ഞങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളോട് എങ്ങനെ പറയും, സംഘിന് വേണ്ടി ചെയ്യുന്ന അത്തരം കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാൻ കഴയില്ല, അജയ് ശേഖർ ശർമ്മ പറയുന്നു.

ജമ്മു കശ്‌മീരിൽ സൈന്യത്തിന് നേരെ നടന്ന കല്ലേറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്നും അവരിൽ പേടിഎം ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അവരുടെ ഡാറ്റ നൽകണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അജയ് ശേഖർ ശർമ്മ പറയുന്നു.

വീഡിയോ പുറത്തുവന്നതോടെ നിഷേധവുമായി പേടിഎം ട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സെൻസേഷണൽ തലക്കെട്ടുമായി പ്രചരിക്കുന്ന വീഡിയോ പറയുന്നത് പൂർണമായും തെറ്റാണെന്നും ഉപയോക്താക്കളുടെ ഡാറ്റ നൂറ് ശതമാനവും സുരക്ഷിതമാണെന്നും നിയമം നടപ്പാക്കുന്ന ഏജൻസികളുടെ ആവശ്യപ്രകാരം നൽകുന്നതല്ലാതെ മറ്റാർക്കും ഇത് നൽകാറില്ലെന്നും അവർ ട്വീറ്റിൽ അവകാശപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസുമായി ഈ​ വിഷയത്തിൽ പ്രതികരണമാരാഞ്ഞ് ഇ മെയിൽ അയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല.

സീയുടെ റീജിയണൽ ചാനലുകളുടെ സിഇ​ഒ ആയ പുരുഷോത്തം വൈഷ്ണവയുമായി റിപ്പോർട്ടർ നടത്തിയ സംഭാഷണത്തിൽ സ്‌പോൺസേഡ് കണ്ടന്റ് കൊടുക്കുന്നതിന് അഡ്വവർട്ടസർ ഫണ്ടണ്ട് പ്രോഗ്രാം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. വൈഷ്ണവിന്റെ സഹപ്രവർത്തകർ 25 കോടി രൂപ പ്രതിഫലം സംബന്ധിച്ച് നടത്തുന്ന സംഭാഷണങ്ങൾ കേൾക്കാം.  കോബ്രാ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്ന് എക്‌സ് പ്രസിന്റെ  ഇമെയിലിനോട് പ്രതികരണമായി  വൈഷ്ണവ  പറഞ്ഞു.

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ ജൂപ്പിറ്റർ ക്യാപിറ്റലിലെ പല ഒഫിഷ്യലുകളുമായി പുഷ്‌പ ശർമ്മ സംസാരിക്കുന്നു. നിലവിൽ തന്നെ ഹിന്ദുത്വം തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി കന്നഡ പ്രഭയുടെ എഡിറ്റർ ഇൻ ചീഫ് രവി ഹെഗ്ഡേ പറയുന്നുണ്ട്. ന്യൂസ് പ്ലാറ്റ്ഫോമുകളിൽ ബിജെപി അനുകൂലമായവയാണെന്നും പറയുന്നു.

ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രവി ഹെഗ്ഡെ ഇമെയലിനുളള മറുപടിയായി പറഞ്ഞു. കോബ്രോ പോസ്റ്റിന്റേത് ദുഷ്ടലാക്കോടെ രൂപാന്തരം വരുത്തിയ വീഡിയോ ആണെന്ന് ഹെഗ്ഡെ ആരോപിച്ചു. വിവിധ ഭാഗങ്ങളിൽ അടർത്തിയെടുത്ത വരികളെടുത്ത് കാഴ്‌ചക്കാരെ വിശ്വസിപ്പിക്കുന്ന രീതിയിൽ അവർ കളളം പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ ഗ്രൂപ്പിന്റെ പ്രതിച്ഛായ തകർക്കാൻ നടത്തിയ ശ്രമത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധാർമ്മികതയുടെയും സ്വഭാവദാർഢ്യത്തിന്റെയും നൂറ് വർഷത്തെ ചരിത്രമാണ് ലോക്‌മത്തിന്റേതെന്ന് അവരുടെ വക്താവ് ഇമെയിലിൽ   ഇന്ത്യന്‍  എക്‌സ്പ്രസിനോട് പ്രതികരിച്ചു. വിഡിയോയിൽ പറയുന്നത് അത് പറയുന്നയാളുടെ വ്യക്തിപരമായ നിലപാടാണെന്നും പ്രസിദ്ധീകരണം അതിനോട് യോജിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും അവകാശപ്പെട്ടു.

സീ ന്യൂസ്, സ്റ്റാർ ഇന്ത്യ, ദ് ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യാ ടുഡേ ഗ്രൂപ്പ്, നെറ്റ് വർക്ക് 18, എബിപി ഗ്രൂപ്പ്, പേടിഎം, റേഡിയോ വൺ, സുവർണ ന്യൂസ്, ഇൻഡിഗോ 91.9 എഫ് എം, ദൈനിക് ജാഗരൺ, ഭാരത് സമാചാർ, സ്വരാജ് എക്‌സ്പ്രസ് ന്യൂസ്, സൺഗ്രൂപ്പ്, ലോകമത്, എ ബി എൻ ആന്ധ്ര ജ്യോതി, ടിവി 5 ന്യൂസ്, ദിനമലർ, ബിഗ് എഫ് എം, കെ. ന്യൂസ്, ഇന്ത്യാ വോയിസ്, ദ് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് , എം വി ടിവി ന്യൂസ്, ഓപ്പൺ മീഡിയാ നെറ്റ് വർക്ക്, ഭാരത് മാൻ ആൻഡ് ദൈനിക് സംവാദ് എന്നീ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുമായുളള സംഭാഷണങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുളളത്.

ഈ​ അന്വേഷണം നടത്തിയത് പുഷ്‌പ ശർമ്മയാണെന്നും ശർമ്മയിൽ നിന്നും തങ്ങൾ ഇത് വാങ്ങിയതാണെന്നും കോബ്രപോസ്റ്റിന്റെ മേധാവി അനിരുദ്ധ് ബഹാൽ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. റിപ്പോർട്ടർ പ്രത്യേകമായ ലക്ഷ്യത്തോടെയാണ് പോയത്. അയാളെ എല്ലാവരും ഗൗരവത്തോടെ കണ്ടു. ഒരു മീഡിയാ എക്സിക്യൂട്ടീവിന് പോലും ഞങ്ങളുടെ കൈവശം പണമില്ലെന്ന് തോന്നിക്കാൻ അവസരം നൽകിയില്ല. പണം കൈമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് “ഞങ്ങൾ പണം എങ്ങനെ നൽകും? ഞങ്ങളുടെ കൈവശം പണമില്ലല്ലോ” അനിരുദ്ധബഹാൽ പറഞ്ഞു

Read in English: Cobrapost: Sting claims media houses open to ‘paid Hindutva content’, firms call it misleading

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cobrapost sting media houses open to paid hindutva content firms call it misleading times group india today ht paytm