ന്യൂഡൽഹി: തീരദേശ പരിപാലന നിയമത്തിൽ വൻ ഇളവുകളുമായി കേന്ദ്രം പുതിയ ഉത്തരവ് പ്രഖ്യാപിക്കാനൊരുങ്ങുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണിക്കും ഇന്നുള്ള വിലക്കുകൾ നീങ്ങിയേക്കും. ഇതോടൊപ്പം വിനോദസഞ്ചാരം അടക്കമുള്ള വാണിജ്യ ആവശ്യങ്ങൾ മുൻ നിർത്തി നിർമ്മാണപ്രവർത്തനങ്ങളും അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതുതായി വരുന്ന ഉത്തരവിൽ പരിസ്ഥിതി ലോല മേഖലകളും ഉൾപ്പെടും. ഇതോടെ 2012 ൽ പുറത്തിറക്കിയ തീരദേശ പരിപാലന നിയമത്തിന് സാധുത ഇല്ലാതാവും. മറൈൻ ആന്റ് കോസ്റ്റൽ റെഗുലേഷൻ സോൺ എന്നാണ് പുതിയ ഓർഡിനൻസിന് കേന്ദ്രം പേരിട്ടിരിക്കുന്നത്.

വീടിന് പുറമേ മത്സ്യസംസ്കരണ യൂണിറ്റ്, മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഷെഡ് തുടങ്ങിയവയും നിർമ്മിക്കാനാവും. ഇതിനായി പരരിസ്ഥിതി ആഘാത അനുമതി വാങ്ങേണ്ട ആവശ്യവും ഇല്ല. കായൽ അഴിമുഖം, കടലിടുക്ക്, തടാകം എന്നിവിടങ്ങളിൽ തീരദേശ പരിപാലന നിയമത്തിന്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ഈ പ്രതിസന്ധികളും ഇല്ലാതാകും.

സംസ്ഥാനങ്ങളുടെ പരാതികൾ പരിഗണിച്ചാണ് പുതിയ ഓർഡിനൻസ് കേന്ദ്രം കൊണ്ടുവരുന്നത്. ഇതിനായി ശൈലേഷ് നായിക് അദ്ധ്യക്ഷനായ സമിതിയെ കേന്ദ്രം പരിശോധനയക്ക് ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് പുതിയ തീരുമാനം.

കണ്ടൽക്കാടുകൾ സംരക്ഷിക്കുന്ന വ്യക്തികൾക്ക് ഈ മേഖലയിൽ നിർമ്മാണത്തിന് അനുമതി ഉണ്ടാകും. എന്നാൽ ആകെ നിർമ്മാണ പ്രവഞ്ഞത്തനം മൊത്തം തീരദേശത്തിന്റെ 30 ശതമാനം സ്ഥലത്ത് മാത്രമേ നടത്താനാകൂ.

നിബന്ധനകൾക്ക് വിധേയമായി പരിസ്ഥിതി സൗഹൃദ ഹോട്ടലുകളും റിസോർട്ടുകളും പണിയാനാകും. ജനസാന്ദ്രതയേറിയ ഇടങ്ങളിൽ വേലിയേറ്റ പരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. അതേസമയം തീരദേശത്തെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കാനും ഓർഡിനൻസിൽ നിർദ്ദേശമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ