ന്യൂഡൽഹി: കൽക്കരി അഴിമതി കേസിൽ മുൻ കൽക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്ത കുറ്റക്കാരനെന്ന് ദില്ലയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. കേസിൽ മുൻ കൽക്കരി വകുപ്പ് ജോയിന്റ് സെക്രട്ടറി കെ.എസ്.ക്രോഫ, ഡയറക്ടർ കെ.സി.സമരിയ എന്നിവരും കുറ്റക്കാരാണെന്ന് സിബിഐ കോടതി വിധിച്ചു.

അതേസമയം കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയലിനെ കോടതി വെറുതെ വിട്ടു. 2004 മുതൽ 2009 വരെയുള്ള കാലയളവിൽ കൽക്കരി പാടങ്ങൾ വിതരണം ചെയ്തതിലാണ് വൻതോതിലുള്ള അഴിമതി കണ്ടെത്തിയത്. ഏതാണ്ട് 1.04 ലക്ഷം കോടി രൂപ നഷ്ടം സർക്കാരിന് സംഭവിച്ചതായ പ്രഥാമിക കണക്ക് പിന്നീട് 1.86 ലക്ഷമായി ഉയർന്നു.

ലേലം ചെയ്യാതെ ചെറിയ തുക നിശ്ചയിച്ച് 142 സ്വകാര്യ കമ്പനികൾക്ക് നൽകിയതാണ് സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിച്ചത്. റിലയൻസ് പവർ, ബിർള, ടാറ്റ, ജിൻഡൽ സ്റ്റീൽ തുടങ്ങിയ സ്ഥാപനങ്ങൾ ഈ പട്ടികയിലുണ്ടായിരുന്നു. 2012 മാർച്ച് 22ന് തയ്യാറാക്കിയ സിഎജിയുടെ കരട് റിപ്പോർട്ടിൽ 1.06 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറഞ്ഞിരുന്നത്.

വിശദമായി പരിശോധിച്ച ശേഷം 2012 ആഗസ്ത് 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സർക്കാരിന്റെ നഷ്ടം 1.86 ലക്ഷം കോടിയാണെന്ന് സ്ഥിരീകരിച്ചു. അഴിമതി നടന്ന കാലത്ത് പ്രധാനമന്ത്രി മൻമോഹൻസിങ് തന്നെയാണ് കൽക്കരിവകുപ്പ് കൈകാര്യംചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ