ന്യൂഡൽഹി: കൽക്കരി പാടം അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോടക്ക് മൂന്നു വർഷം തടവ് ശിക്ഷ. കൽക്കരി മുൻ സെക്രട്ടറി എച്ച്.സി.ഗുപ്തയെയും പ്രത്യേക കോടതി മൂന്നു വർഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷയോടൊപ്പം മധു കോട 25 ലക്ഷം രൂപയും എച്ച്.സി.ഗുപ്ത ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. വിധിയിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് മൂന്നു മാസത്തേക്കു കോടതി ജാമ്യം അനുവദിച്ചു.

ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ.ബസു, മധു കോടയുടെ അടുത്ത അനുയായി വിജയ് ജോഷി എന്നിവർക്കും കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു കൊൽക്കത്തയിലെ വിനി അയേൺ ആന്റ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും 50 ലക്ഷം പിഴ ഈടാക്കാനും വിധിയിൽ നിർദേശമുണ്ട്.

ശിക്ഷാ വിധി പ്രതീക്ഷിച്ചിതല്ലെന്ന് ഇതേക്കുറിച്ചു പ്രതീകരിക്കവേ മധു കോട പറഞ്ഞു. അനുകൂലമായ വിധിയാണ് പ്രതീക്ഷിച്ചത്. എന്നാൽ വിധി തനിക്കെതിരാണ്. കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അപ്പീൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോട എഎൻഐയോട് പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നു മധു കോട ചൊവ്വാഴ്ച സിബിഐ കോടതിയോട് അപേക്ഷിച്ചിരുന്നു. രണ്ട്‌ ചെറിയ പെൺകുട്ടികളുടെ പിതാവാണെന്നും കരുണ കാണിക്കണമെന്നും സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. ബുധനാഴ്ചയാണ് മധു കോട കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്.

2007 ലാണ് കോടയും മറ്റു മൂന്നു ഉദ്യോഗസ്ഥരെയും കൽക്കരി പാടം അഴിമതിയുമായി ബന്ധപ്പെട്ടു അറസ്റ്റിലാവുന്നത്. ജാർഖണ്ഡിലെ കൽക്കരിപ്പാടം നിയമവിരുദ്ധമായി കൊ
ൽക്കത്തയിലെ കമ്പനിക്ക് അനുവദിച്ചു എന്നതായിരുന്നു കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ