ന്യൂഡൽഹി: കൽക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി വിധിച്ച കൽക്കരി വകുപ്പ് മുൻ സെക്രട്ടറി എച്ച്സി ഗുപ്ത അടക്കം മൂന്ന് പ്രതികൾക്ക് രണ്ട് വര്‍ഷം തടവ്. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുപ്തയെ കൂടാതെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കെഎസ് ക്രോഫ, കെസി സമേരിയ എന്നിവരേയും കോടതി ശിക്ഷിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ മൂന്ന് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ഭരത് പരാഷേര് പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മദ്ധ്യപ്രദേശിലെ രുദ്രപുരയിലെ കൽക്കരിപ്പാടം കമൽ സ്പോഞ്ച് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന് (കെ.എസ്.എസ്.പി.എൽ) അനധികൃതമായി നൽകിയ കേസിലാണ് ഇവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കമ്പനിക്ക് ഒരു കോടി രൂപ പിഴയും കോടതി വിധിച്ചു.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ പവന് കുമാര്‍ അലുവാലിയയ്ക്ക് മൂന്ന് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
മുൻ യുപിഎ സർക്കാരിന്റെ കാലത്ത് 2006 മുതൽ 2008വരെ കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. കൽക്കരി ബ്ലോക്കുകൾ അനുവദിക്കുന്നതിലും ലേലം നടത്തുന്ന സമയത്തും സുതാര്യമായല്ല സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ഗുപ്ത പെരുമാറിയത് എന്നാണ് പ്രധാന ആരോപണം. ഇത് സംസ്ഥാന സർക്കാരിന് വമ്പിച്ച നഷ്ടം വരുത്തിവെച്ചുവെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് കോടതിയുടെ നടപടി. വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കും.