ബെംഗളുരു: മങ്കിപോക്‌സ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ ഒപ്പം വിമാനത്തില്‍ യാത്ര ചെയ്തവര്‍ കര്‍ണാടകത്തിലും കേരളത്തിലുമായി ഐസൊലേഷനില്‍. കണ്ണൂര്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരന്‍ 13നാണ് ദുബായില്‍നിന്നു മംഗലാപുരത്ത് വിമാനമിറങ്ങിയത്.
വിമാനത്തില്‍ യുവാവിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന 32 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. തെറ്റായ വിലാസം നല്‍കിയ ദക്ഷിണ കര്‍ണാടകത്തിലെ രണ്ടുപേരെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചതായി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ (ഡി എസ് ഒ) ഡോ.ജഗദീഷ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മംഗലാപുരം വിമാനത്താവളത്തിലെത്തിയ യുവാവ് ശരീരത്തില്‍ ചുണങ്ങു കണ്ടെത്തിയതിനെത്തുടര്‍ന്നാണു ഡോക്ടറെ സമീപിച്ചത്. മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ 15നു പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവ് എത്തിയ വിമാനത്തില്‍ 191 യാത്രക്കാരാണുണ്ടായിരുന്നത്. ”രോഗബാധിതന്റെ അടുത്തും മുന്നിലും പിന്നിലുമായി മൂന്ന് നിരകളിലായി ഇരുന്ന 34 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ ദക്ഷിണ കന്നഡയില്‍നിന്നും ഏഴു പേര്‍ ഉഡുപ്പിയില്‍നിന്നും 16 പേര്‍ കേരളത്തില്‍നിന്നുമാണ്. ദക്ഷിണ കന്നഡയില്‍നിന്നുള്ള 11 യാത്രക്കാരില്‍ രണ്ടു പേര്‍ തെറ്റായ വിലാസമാണു നല്‍കിയത്. ഇവരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. ഈ രണ്ടു പേര്‍ ഒഴികെ എല്ലാവരും വീടുകളില്‍ ഐസൊലേഷനിലാണ്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.” ഡോ.ജഗദീഷ് പറഞ്ഞു.
യുവാവിന്റെ സഹയാത്രികര്‍ക്കു പുറമെ വിമാനത്താവളത്തിന്റെ ഇമിഗ്രേഷന്‍ ഓഫീസറും വീട്ടില്‍ ഐസൊലേഷനിലാണെന്നും അദ്ദേഹത്തിനും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ജഗദീഷ് പറഞ്ഞു.
വിമാനത്താവള അധികൃതരും ആരോഗ്യ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട യോഗം നടത്തിയതായും യാത്രക്കാരെ പരിശോധിക്കുന്നതില്‍ അവരുടെ സഹകരണം തേടിയിട്ടുണ്ടെന്നും ഡോ. ജഗദീഷ് പറഞ്ഞു. സംശയിക്കുന്ന കേസുകള്‍ ഐസൊലേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മങ്കിപോക്‌സ് വ്യാപന നിരക്ക് കൊവിഡിനോളം വേഗത്തിലല്ലെന്ന് ഡോ. ജഗദീഷ് പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കില്ല. മാത്രമല്ല രോഗബാധിതരുടെ അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ മാത്രമേ രോഗം ബാധിക്കുകയുള്ളൂ. ചുമയിലൂടെ രോഗം പടരുമെന്നും അദ്ദേഹം പറഞ്ഞു.
13 നു ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കൊല്ലം സ്വദേശിക്കാണു മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യു എ ഇയിലെത്തിയ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിനു യു എ ഇയില്‍ രോഗം ബാധിച്ചയാളുമായി ഇയാള്‍ക്കു സമ്പര്‍ക്കമുണ്ടായിരുന്നു. 11 പേര്‍ക്കാണു കൊല്ലം സ്വദേശിക്കു പാഥമിക സമ്പര്‍ക്കമുണ്ടായിരുന്നത്.
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളങ്ങളിലടക്കം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.