കൊൽക്കത്ത: കോൺഗ്രസുമായി സഹകരണം എന്ന വിഷയത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയിലെ ചർച്ച വോട്ടെടുപ്പിലേക്ക്. കേരള ഘടകം സഹകരണത്തെ എതിർത്തപ്പോൾ ബംഗാൾ, ത്രിപുര ഘടകങ്ങൾ സഹകരണത്തെ പിന്തുണച്ച് സ്വീകരിച്ച നിലപാടാണ് തീരുമാനം വോട്ടെടുപ്പിലേക്ക് എത്തിക്കുന്നത്.

പാർട്ടി കോൺഗ്രസിലേക്ക് പോകുന്നത് ഒറ്റ രേഖ മതിയെന്ന ആവശ്യം ശക്തമായതിനാലാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം കേന്ദ്രകമ്മിറ്റിയിൽ വിവിധ സംസ്ഥാന ഘടകങ്ങൾ സഹകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടെടുത്തു. ഇതിൽ കോൺഗ്രസ് സഹകരണം വേണ്ടെന്ന് വാദിക്കുന്ന പക്ഷത്തിനാണ് മുൻതൂക്കമുളളത്.

വിഎസ് അച്യുതാനന്ദൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ച രാഷ്ട്രീയ അടവുനയത്തിൽ മാറ്റം വേണമെന്ന ആവശ്യത്തിന് പിന്തുണ നൽകിയപ്പോൾ കേരളത്തിൽ നിന്നുള്ള മറ്റ് നേതാക്കളെല്ലാം സഹകരണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

അതേസമയം ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമം നടത്തുന്നുണ്ട്.

കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പിബി അംഗീകരിച്ച രേഖ, പ്രകാശ് കാരാട്ടാണ് കൊൽക്കത്തയിൽ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചത്. ബിജെപി പ്രധാന വെല്ലുവിളിയായി ഉയർന്ന സാഹചര്യത്തിൽ കോൺഗ്രസുമായി നീക്കുപോക്കുകളാകാമെന്ന രേഖ യച്ചൂരിയും അവതരിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ