തിരുവനന്തപുരം: ജനങ്ങളെ ഒരിക്കലും മതത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ലയെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങൾക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുമ്പോൾ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ സമീപനത്തെയും വർഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുനിഷ്ഠമായ മറുപടികൾക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. നോട്ട് നിരോധനകാലത്തു അമ്പതു ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ നിരത്തിയ പ്രതീകങ്ങൾ. അവയുടെ ഇന്നത്തെ അവസ്ഥ എന്തായി എന്ന് കൂടി പ്രധാനമന്ത്രിയിൽ നിന്ന് കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങൾ മൂടിവെക്കാൻ എന്തിനു ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യൻ ഭരണഘടനയെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റുകയാണ്. ആ വികാരത്തെ കുറച്ചുകാണരുത്; തെറ്റായി ചിത്രീകരിക്കുകയുമരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook