തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. വർഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കർണ്ണാടകത്തിൽ പുരോഗമന – മത നിരപേക്ഷ ചിന്തകൾ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കല്‍ബുർഗിയെ കൊന്ന രീതിയിൽ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു. മത നിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുകയും നിർഭയം മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗൗരി എന്നും ജനങ്ങളുടെ മനസ്സില്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയുടെ കൊലപാതക വാര്‍ത്ത ഞെട്ടിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഈ ക്രൂരകൃത്യത്തെ അപലപിക്കാന്‍ വാക്കുകളിലെന്നും തനിക്കൊരു സുഹൃത്തിനെയാണ് നഷ്ടമായതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊലപാതകത്തില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പ്രതികളെ നിയമത്തിന് മുമ്പിലെത്തിക്കുമെന്നും അറിയിച്ചു.

ധബോല്‍ക്കറിനും പന്‍സാരെയ്ക്കും കല്‍ബുര്‍ഗിക്കും ശേഷം ഗൗരി ലങ്കേഷിനെ വകവരുത്തിയെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. ഒരേ ഘണത്തിലുളള ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ എത്തരത്തിലുളള ആള്‍ക്കാരാണ് കൊലപാതകികളെന്ന് അദ്ദേഹം ചോദിച്ചു.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായി പോരാടിയ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഫാസിസത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കാന്‍ ധൈര്യം കാട്ടിയ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം ഇന്ത്യന്‍ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊലപാതകത്തെ കോണ്‍ഗ്രസും അപലപിച്ചു. ആരാണ് രാജ്യത്ത് വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും അരാജകത്വത്തിന്റേയും പരിസ്ഥിതി ഉണ്ടാക്കിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. അവർക്ക്‌ ഭയം ആശയങ്ങളെയാണെന്ന് വിടി ബല്‍റാം എംഎല്‍എ പറഞ്ഞു. അതുകൊണ്ടുതന്നെ ശബ്ദിക്കുന്ന നാവുകൾക്ക്‌ ഇടർച്ചകളല്ല, തുടർച്ചകളാണുണ്ടാവേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളുരൂവിലെ വസതിയിൽവച്ചാണ് ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയത്.  എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു. ഹിന്ദുത്വയുടെ വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ  സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന  പി. ലങ്കേഷിൻറെ  മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്.ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്. വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ ഗൗരിയെകണ്ടെത്തിയത്. അജ്ഞാതൻ വീടിന് മുന്നിലെത്തി വെടിയുതിർക്കുകയായിരുന്നുവന്നാണ് റിപ്പോർട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ