ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ട്വിറ്ററിൽ പ്രതിഷേധം തീർത്ത് മലയാളികൾ. ഓഗസ്റ്റ് 29ാം തിയതിയിലെ ട്വീറ്റിലാണ് മഹാവിഷ്ണുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് കേജ്‌രിവാൾ പറഞ്ഞത്. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ചിത്രവും കേജ്‌രിവാൾ പങ്കുവച്ചിരുന്നു.

മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ ജന്മവാര്‍ഷിക ദിനത്തില്‍ എല്ലാവര്‍ക്കും ആശംസ അറിയിക്കുന്നു. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകട്ടെ എന്നായിരുന്നു ട്വീറ്റ്.

കേജ്‌രിവാളിന്റെ മൃദുഹിന്ദുത്വമാണ് ഈ ട്വീറ്റിലൂടെ പുറത്തുവരുന്നത് എന്നാണ് വിമർശനം. മാവേലിയെ പാതാളത്തിൽ ചവിട്ടി താഴ്ത്തിയ വാമനനെ പുകഴ്ത്തുകയാണ് കേജ്‌രിവാൾ എന്നും കമന്റുകളുണ്ട്. ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമല്ലെന്നുമെല്ലാം കമന്റുകൾ വരുന്നുണ്ട്. മഹാബലി ആണ് ഞങ്ങടെ ഹീറോയെന്നും കമന്റുകൾ ചൂണ്ടിക്കാട്ടുന്നു.

Read More: വാമന ജയന്തി അല്ല, അമിത് ഷായുടെ ഓണാശംസകൾ ഇത്തവണ മാവേലിക്കൊപ്പം

മുൻപ് വാമന ജയന്തി ആശംസകൾ നേർന്ന ബിജെപി നേതാവും ഇപ്പോളത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്കും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

2016ൽ ആയിരുന്നു ഓണം വാമന ജയന്തിയാണെന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ തിരുവോണത്തിന്റെ തലേ ദിവസം വാമന ജയന്തി ആശംസ നേര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പുലിവാല് പിടിച്ചത്.

‘വാമനാവതാരം: ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍’ എന്നായാിരുന്നു പോസ്റ്ററിലെ ആശംസ. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും അമിത് ഷായുടെ ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു.

നേരത്തേ, മഹാബലിയുടെ അഹങ്കാരത്തെ നീക്കി അവതാരമായ വാമനന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയായിരുന്നെന്നും മഹാബലിക്ക് തിരിച്ചുവരവില്ലെന്നും കെ.പി ശശികല പറഞ്ഞിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ‘കേസരി’യും വാമനജയന്തിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook