/indian-express-malayalam/media/media_files/SC8XIw44kMBXkzL9eAQx.jpg)
Representative Image
ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്നു. അയൽരാജ്യത്ത് പകർച്ചപ്പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ആശങ്ക വേണ്ടതില്ലെന്നും, രാജ്യത്ത് ഈ രോഗബാധയ്ക്ക് സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ചൈനയിലെ കുട്ടികളിൽ എച്ച് 9 എൻ 2 (H9N2) വ്യാപിക്കുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ക്ലസ്റ്ററുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സർക്കാർ അറിയിച്ചു. ചൈനയിലെ നിലവിലെ പകർച്ചപ്പനി (ഇൻഫ്ലുവൻസ) സാഹചര്യത്തിൽ നിന്ന് ഉയർന്നുവന്നേക്കാവുന്ന ഏത് തരം പ്രതിസന്ധിയേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയോട് ഔദ്യോഗിക അഭ്യർത്ഥന നടത്തി ദിവസങ്ങൾക്ക് ശേഷമാണിത്. അറിയപ്പെടുന്നതോ പുതിയതോ ആയ രോഗകാരിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന അപായ മണി മുഴക്കുകയാണ്. സംഭവിച്ചേക്കാവുന്ന ഒരു രോഗ ഭീഷണിയെക്കുറിച്ച് അറിയാതെ വ്യാപനത്തിന് വഴിയൊരുക്കാതിരിക്കാനുള്ള മുൻകരുതലാണ് ഡബ്ല്യു എച്ച് ഒ സ്വീകരിക്കുന്നത്.
ഇൻഫ്ലുവൻസ, കോവിഡ് 19, മറ്റ് ശ്വാസകോശ രോഗകാരികൾ എന്നിവയ്‌ക്കെതിരെ ശുപാർശ ചെയ്യുന്ന വാക്‌സിനുകൾ ഉപയോഗിച്ച്, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ ചൈനയിലെ ആളുകൾ പിന്തുടരണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്. അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക, രോഗസമയത്ത് വീട്ടിലിരിക്കുക, ആവശ്യമായ പരിശോധനകൾ നടത്തുക, വൈദ്യസഹായം നൽകുക, മാസ്ക് ധരിക്കുക, നല്ല വായുസഞ്ചാരം ഉറപ്പാക്കുക, പതിവായി കൈകഴുകൽ ശീലിക്കുക എന്നിവ മാർഗനിർദ്ദേശത്തിൽ ഉൾപ്പെടുന്നു.
ചൈനയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നടപടികളൊന്നും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടില്ലെങ്കിലും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ അനുഭവിക്കുന്ന ആളുകൾ ഇങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ദേശീയ ആരോഗ്യ കമ്മീഷനിൽ നിന്നുള്ള ചൈനീസ് അധികാരികൾ നവംബർ 13ന് നടത്തിയ പത്രസമ്മേളനത്തിൽ, ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, കോവിഡ് 19 നിരക്ക് കുറയുന്നത് തുടരുമ്പോഴും, ഒക്ടോബർ മുതൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ)യുടെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ കാണിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.