ന്യൂഡല്‍ഹി: ഇന്ത്യയിലേയും യുഎസിലേയും ആയുര്‍വേദ ഡോക്ടര്‍മാരും ഗവേഷകരും ചേര്‍ന്ന് കൊറോണവൈറസിനെതിരായ ആയുര്‍വേദ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധുവാണ് ഇക്കാര്യം പറഞ്ഞത്.
കോവിഡ്-19-ന് എതിരായ പോരാട്ടത്തില്‍ രണ്ടു രാജ്യങ്ങളിലേയും സ്ഥാപനങ്ങളുടേയും ശാസ്ത്രജ്ഞരുടേയും വലിയൊരു ശൃംഖലയെ ഒരുമിച്ചു കൊണ്ടുവന്നുവെന്ന് ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞരും അക്കാദമിക വിദഗ്ദ്ധരും ഡോക്ടര്‍മാരും നടത്തിയ വിര്‍ച്വല്‍ സംവാദത്തില്‍ സന്ധു പറഞ്ഞു.
Read Also: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ ഉണ്ടാകുമോ?
“സംയുക്ത ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും പരീശീലന പരിപാടിയിലൂടെയും ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നമ്മുടെ സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. കോവിഡ്-19-ന് എതിരായ ആയുര്‍വേദ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് രണ്ടു രാജ്യങ്ങളിലേയും ആയുര്‍വേദ ഡോക്ടര്‍മാരും ഗവേഷകരും പദ്ധതിയിടുന്നു,” അദ്ദേഹം പിടിഐയോട് പറഞ്ഞു.