ഇസ്ലാമാബാദ്: ചാരവൃത്തി കുറ്റമാരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തളളി. വിഷയത്തില്‍ ഇനി പാക് സൈനിക മേധാവിയാണ് തീരുമാനം എടുക്കേണ്ടതെന്നും പാക്കിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ അറയിച്ചു.
വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് കഴിഞ്ഞ മാസമാണ് കുൽഭൂഷൺ ജാദവ് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.

ചാരവൃത്തിയിലും ഭീകരപ്രവർത്തനത്തിലും തനിക്കു പങ്കുള്ളതായി ദയാഹർജിയിൽ കുൽഭൂഷൺ ജാദവ് ഏറ്റുപറഞ്ഞതായി പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം അവകാശപ്പെട്ടിരുന്നു. തന്റെ പ്രവർത്തനങ്ങൾ വഴി നിരവധി പാക് പൗരൻമാർക്ക് ജീവനും സ്വത്തും നഷ്ടമായതിൽ ജാദവ് ഖേദം പ്രകടിപ്പിച്ചെന്നും അവർ കഴിഞ്ഞ മാസം പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ വർഷം ബലൂചിസ്ഥാനിൽ വച്ചാണ് ജാദവ് പാക് പിടിയിലായത്. ഈ വർഷം ഏപ്രിലിലാണ് പാക് സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാകിസ്ഥാനോട് നിർദ്ദേശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook