മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അഴിമതി കേസുകളില്‍ ക്ലീന്‍ ചിറ്റ്. വിദര്‍ഭ ജലസേചന അഴിമതി കേസിലാണ് അജിത് പവാറിന് ക്ലീന്‍ ചിറ്റ് ലഭിച്ചത്. അജിത് പവാറിനെതിരായ 20 എഫ്‌ഐആറുകളില്‍ ഒന്‍പത് കേസുകളാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

എഴുപതിനായിരം കോടിയുടെ വിദര്‍ഭ ജലസേചന അഴിമതി കേസില്‍ കുറ്റാരോപിതനായിരുന്നു അജിത് പവാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഇത് അജിത് പവാറിനെതിരായ പ്രചാരണ ആയുധമായി ഉപയോഗിച്ചിരുന്നു. എന്‍സിപി നേതാവ് കൂടിയായ അജിത് പവാര്‍ പിന്തുണച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തു.

Read Also: ജെഇഇ മെയിൻ ജനുവരി പരീക്ഷ: ഹാൾ ടിക്കറ്റ് ഡിസംബർ ആറിന്

കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്തുള്ളതാണ് ജലസേചന അഴിമതി കേസ്. മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. കേസുകള്‍ അവസാനിപ്പിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണ് രണ്‍ദീപ് സിങ് സുര്‍ജേവാല കേസ് അവസാനിപ്പിച്ച നടപടിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, അജിത് പവാറുമായി ബന്ധപ്പെട്ട കേസുകളിലല്ല ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ ഡിജി പരംബിത് സിങ് പറഞ്ഞു.

Read Also: ടെലഗ്രാം നിരീക്ഷണം പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ശനിയാഴ്ച അതിരാവിലെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാർ സത്യപ്രതിജ്ഞ ചെയ്ത് അജിത് പവാർ ഉപമുഖ്യമന്ത്രിയായത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. എന്നാൽ വലിയ വിമർശനമാണ് അജിത്തിന് നേരിടേണ്ടി വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook