മുംബൈ: രാജ്യത്ത് ക്രിമിനൽ കുറ്റത്തിന് ശിക്ഷ സാമൂഹ്യ സേവനമോ? വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് കാണും. തോക്കുചൂണ്ടി ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കൾക്ക് മുംബൈ ഹൈക്കോടതിയാണ് രണ്ട് മാസം സാമൂഹ്യസേവനം നടത്തണമെന്ന ശിക്ഷ നൽകിയിരിക്കുന്നത്.
അംഗത് സിങ് സേതി(22), കുൻവാർ സിങ് സേതി (25) എന്നിവർക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ബന്ദ്ര കുർല കോംപ്ലക്സ് പൊലീസാണ് ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 10 നാണ് കേസിനാസ്പദമായ സംഭവം. അടഞ്ഞുകിടന്ന ഹോട്ടൽ തുറന്ന് ഭക്ഷണം നൽകണമെന്നാണ് ഹോട്ടലുടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഇരുവരും ആവശ്യപ്പെട്ടത്. ഹോട്ടലുടമ പിന്നീട് പൊലീസിൽ പരാതിപ്പെട്ടു.
കേസ് ഇന്നലെ ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് ഒത്തുതീർത്തെന്ന വിവരം പ്രതികളുടെ അഭിഭാഷകൻ അശോക് മുന്ദാർഗി കോടതിയിൽ പറഞ്ഞത്. പണം നൽകി കേസ് ഒത്തുതീർക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ മാതാപിതാക്കളുടെ പണം നൽകി കേസ് ഒത്തുതീർത്താൽ ഇനിയും കുറ്റം ആവർത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു.
ഇതോടെയാണ് സാമൂഹ്യസേവനം ചെയ്തുകൊളളാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. മുംബൈയിലെ അഭിഭാഷകൻ അഫ്രോസ് ഖാൻ നേതൃത്വം നൽകുന്ന സബർബൻ വെർസോവ ബീച്ച് ക്ലീനിങ് പ്രൊജക്ടിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് കോടതി നിർദ്ദേശിച്ചത്.
ഒരു മാസം എല്ലാ വാരാന്ത്യങ്ങളിൽ ഇരുവരും ഈ പ്രവർത്തി ചെയ്യണം. ഇതിന് പുറമെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ ഓരോ ആളും 20000 രൂപ വീതം സംഭാവന നൽകാനും കോടതി ആവശ്യപ്പെട്ടു.