ന്യൂഡല്‍ഹി: ശാസ്ത്രീയ സംഗീത കച്ചേരികള്‍ക്ക് ഏര്‍പ്പെടുത്തിയ 28 ശതമാനത്തിന്റെ ചരക്കുസേവന നികുതിയില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് സംഗീതജ്ഞര്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ സമീപിച്ചു.

രാജ്യത്തെ പ്രധാന സംഗീതോത്സവങ്ങളില്‍ ഒന്നായ സവാണി ഗന്ധര്‍വ ഭീംസെന്‍ മഹോത്സവിന്‍റെ സംഘാടകരായ ആര്യ പ്രസാരക് മണ്ഡല്‍ ആണ് ഇത്തരമൊരാവശ്യവുമായി ധനകാര്യ മന്ത്രിയെ സമീപിച്ചിരിക്കുന്നത്. 250രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28ശതമാനം ചരക്കുസേവന നികുതി ഈടാക്കുന്നത് കച്ചേരികളെ പ്രതികൂലമായി ബാധിക്കുന്നു എന്നും പരാതിയായി ഉന്നയിക്കുന്നു. ഡിസംബര്‍ 13നാണ് സവാണി ഗന്ധര്‍വ ഭീംസെന്‍ മഹോത്സവം ആരംഭിക്കുക.

“ഇന്ത്യയുടെ പാരമ്പര്യമായ ശാസ്ത്രീയ സംഗീതത്തെ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രതികൂലമായ സാഹചര്യമൊരുക്കുന്നതാണ് ഈ നടപടി.” മണ്ഡല്‍ പ്രസിഡന്റ് ശ്രീനിവാസ് ജോഷി പറഞ്ഞു. കച്ചേരികളുടെ ടിക്കറ്റില്‍ 28 ശതമാനം നികുതി ഈടാക്കുന്നതിന് പുറമേ കലാകാരന്മാരുടെ വേതനത്തിന്‍റെ 18 ശതമാനവും ചരക്കുസേവന നികുതിയായി ഈടാക്കുന്നുണ്ട്.

പണ്ഡിറ്റ്‌ ജസ്രാജ്, പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ, പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് സക്കീര്‍ ഹുസ്സൈന്‍, ഡോ.എന്‍.രാജം, ഡോ.പ്രഭേ ആത്രേ, പണ്ഡിറ്റ്‌ സുരേഷ് തല്‍വല്‍കര്‍, പണ്ഡിറ്റ്‌ ഉല്ലാസ് കശല്‍കര്‍, പണ്ഡിറ്റ്‌ രാജന്‍ മിശ്ര, പണ്ഡിറ്റ്‌ സാജന്‍ മിശ്ര, പണ്ഡിറ്റ്‌ വിജയ്‌ ഘാട്ടെ തുടങ്ങിയ പ്രഗത്ഭ സംഗീതജ്ഞര്‍ ഒപ്പുവച്ച കത്താണ് അരുണ്‍ ജെയ്റ്റ്‌ലിക്ക് കൈമാറിയത്.

“മധ്യവര്‍ഗക്കാരായ കാണികളാണ് കച്ചേരികള്‍ക്ക് എത്തുന്നത്. അവര്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റ് വാങ്ങുവാന്‍ സാധിക്കില്ല. എല്ലാ സംഘാടകരും ഇപ്പോള്‍ കടുത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം കീശയില്‍ നിന്നും കാശെടുത്താണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എണ്ണത്തില്‍ കുറഞ്ഞു വരുന്ന ശാസ്ത്രീയ സംഗീത കച്ചേരികള്‍ ഇതോടെ അന്യംനിന്നുപോകുമോ എന്നും നമ്മള്‍ ഭയപ്പെടുന്നു. ധനകാര്യമന്ത്രിക്ക് അയച്ച കത്തിന്‍റെ പകര്‍പ്പുമായി അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുവാനും സംഗീതജ്ഞര്‍ തീരുമാനിച്ചിട്ടുണ്ട്. ” സവാണിയുടെ സംഘാടകന്‍ സുരേന്ദ്ര മോഹിതേ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ