കൊല്‍ക്കത്ത: ഫെയ്‌സ്ബുക്ക് ലൈവിലൂടെ യുവതി കാമുകനു മുമ്പില്‍ തൂങ്ങി മരിച്ചു. ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലാണു സംഭവം. സോനര്‍പുരിലെ ബയേദിപാരാ സ്വദേശിയായ 17 കാരിയാണു ആത്മഹത്യ ചെയ്തത്. ശനിയാഴ്‌ച വൈകുന്നേരം കാമുകനെ കണ്ടു തിരിച്ചെത്തിയ പെണ്‍കുട്ടി നിരാശയിലായിരുന്നുവെന്നും സംസാരം കുറവായിരുന്നുവെന്നും അമ്മ അറിയിച്ചു.

സമീപത്തെ ആശുപത്രിയിലെ ജോലിക്കാരിയാണു പെണ്‍കുട്ടിയുടെ അമ്മ. സംഭവം നടക്കുമ്പോള്‍ സഹോദരനും പിതാവും ജോലി ആവശ്യത്തിനായി പുറത്തായിരുന്നു. ഞായറാഴ്‌ച രാവിലെ മകളെ കാണാതെ സംശയം തോന്നി മുറിയില്‍ വന്നു നോക്കിയ അമ്മയാണു ഫാനില്‍ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കാമുകനുമായി ചാറ്റ് ചെയ്‌തുകൊണ്ടിരിക്കെയായിരുന്നു പെണ്‍കുട്ടി ലൈവില്‍ പോകുന്നതും ആത്മഹത്യ ചെയ്യുന്നതുമെന്നുമാണ് പൊലീസ് പറയുന്നത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷം കാമുകന്റെ ഫോണ്‍ കോളിന് പിന്നാലെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്തിയത് നിരാശയോടെയായിരുന്നു. പിന്നീട് ആരോടും മിണ്ടാതെ മുറിയില്‍ കയറിയിരിക്കുകയായിരുന്നു. വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്നു.

പിറ്റേദിവസം രാവിലെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചതായി കണ്ടതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ മുമ്പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ വീഡിയോയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും കാമുകനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായെന്നും പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ