ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം നിരവധിപേർ ചേർന്ന് പീഡിപ്പിച്ചു. 11 കാരിയായ പെൺകുട്ടിയെ 22 പേർ ചേർന്നാണ് 7 മാസത്തോളം പീഡിപ്പിച്ചത്. സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുളളവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയായിരുന്നു പീഡിപ്പിച്ചിരുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മാസങ്ങളോളം നീണ്ടുനിന്ന പീഡനത്തെക്കുറിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടി തന്റെ സഹോദരിയോട് വെളിപ്പെടുത്തിയത്. ഡൽഹിയിൽ കോളേജ് വിദ്യാർത്ഥിനിയായ സഹോദരി വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയിച്ചത്. സഹോദരി മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ പൊലീസിൽ പരാതിപ്പെടുകയും ആയിരുന്നു.
ചെന്നൈയിലെ പുരസവാൽകത്തിലുളള അപ്പാർട്മെന്റിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയാണ് പെൺകുട്ടി. കെട്ടിടത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററായ രവി കുമാർ (66) ആണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞ് മറ്റു രണ്ടുപേരെ കൂടി അയാൾ കൂട്ടിക്കൊണ്ടുവന്നു. മൂന്നു ചേരും ചേർന്ന് പീഡിപ്പിച്ചു. പീഡിപ്പിക്കുന്നത് മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് തുടർച്ചയായി പലരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സ്കൂൾ വാനിൽ പെൺകുട്ടി തിരിച്ചു വരുന്ന സമയത്ത് കൂട്ടിക്കൊണ്ടുപോയാണ് ബാത്ത്റൂം, ടെറസ്, ജിം തുടങ്ങിയ ഇടങ്ങളിൽ വച്ചൊക്കെ രവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന് പീഡിപ്പിച്ചതെന്ന് ഓഫിസർ പറഞ്ഞു. കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കെട്ടിടത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ചാണ് പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നത്.
പെൺകുട്ടിയുടെ അച്ഛൻ ജോലി സംബന്ധമായി പുറത്തായിരിക്കും. ചില ദിവസങ്ങളിൽ മാത്രമേ വീട്ടിൽ വരാറുളളൂ. സ്കൂൾ കഴിഞ്ഞ് പെൺകുട്ടി പലപ്പോഴും വീട്ടിൽ വൈകിയാണ് എത്തിയിരുന്നത്. ഇതിനെക്കുറിച്ച് അമ്മ തിരക്കിയിരുന്നില്ല. മകൾ കോംപ്ലക്സിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നുണ്ടാവും എന്നാണ് അവർ കരുതിയിരുന്നതെന്ന് ഓഫിസർ പറഞ്ഞു.
ഞായറാഴ്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ ചികിൽസയ്ക്ക് കൊണ്ടുപോയി. പരിശോധനയിൽ നിരവധി പേർ പെൺകുട്ടിയെ പീഡിപ്പിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കേസിൽ അറസ്റ്റിലായ 18 പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സുരക്ഷാ ജീവനക്കാരായ മുരുകേഷ് (54), പളനി (40), അഭിഷേക് (23) സുകുമാരൻ (60), പ്രകാശ് (58), ഉമാപതി (42), ലിഫ്റ്റ് ഓപ്പറേറ്റർമാരായ രവി കുമാർ (66), പരമസിവം (60), ദീനദയാലൻ (50), ശ്രീനിവാസൻ (45), ബാബു (36), പ്ലംബർമാരായ ജയ്ഗണേശ് (23), രാജ (32), സൂര്യ (23), സുരേഷ് (32), ഇലക്ട്രീഷ്യന്മാരായ ജയരാമൻ (26), ഹൗസ് കീപ്പിങ് തൊഴിലാളികളായ രാജശേഖർ (40), പൂന്തോട്ട ജോലിക്കാരനായ ഗുണശേഖർ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.