ലക്‌നൗ: ഒന്നാം ക്ലാസുകാരനെ ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കുത്തി പരുക്കേൽപ്പിച്ചു. ലക്‌നൗവിലെ ബ്രൈറ്റ്‌ലാൻഡ് സ്കൂളിലാണ് സംഭവം. വാഷ്റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയശേഷം പെൺകുട്ടി കത്തി ഉപയോഗിച്ച് പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം മറച്ചുവച്ചതിന് സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ കഴുത്തിലും വയറിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അതേസമയം, കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ സന്ദീപ് തിവാരി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടി വാഷ്റൂമിൽവച്ച് ആക്രമിച്ചതെന്ന് ഒന്നാം ക്ലാസുകാരന്റെ മാതാപിതാക്കൾ പറഞ്ഞു. ഇന്നലെയാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. അതേസമയം, സംഭവത്തിനു പിന്നിൽ ബ്ലൂ വെയ്‌ൽ ഗെയിം ആണെന്ന് സംശയിക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. റയാൻ സ്കൂളിലെ കൊലപാതകത്തിനു പിന്നാലെ വലിയ മുൻകരുതലുകളാണ് എടുത്തിട്ടുളളത്. ബ്ലൂ വെയ്‌ൽ ഗെയിമാണോ ഇപ്പോഴത്തെ സംഭവത്തിനു പിന്നിലെത്തു പരിശോധിക്കുന്നുണ്ടെന്നും സ്കൂൾ ഡയറക്ടർ വീണ വ്യാസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ