scorecardresearch
Latest News

ഏഴാം ക്ലാസ് തോറ്റപ്പോള്‍ പഠനം നിര്‍ത്തി; 20 ലക്ഷം പേരെ പറ്റിച്ച് നേടിയത് 3000 കോടി രൂപ

തൊഴിലില്ലാത്ത യുവാക്കളേയും, വീട്ടമ്മമാരേയും, വിരമിച്ച ജീവനക്കാരേയും ആണ് ഇയാള്‍ കൂടുതലായും ലക്ഷ്യമിട്ടത്.

ഏഴാം ക്ലാസ് തോറ്റപ്പോള്‍ പഠനം നിര്‍ത്തി; 20 ലക്ഷം പേരെ പറ്റിച്ച് നേടിയത് 3000 കോടി രൂപ

ഹൈദരാബാദ്: രാജ്യത്തുടനീളം 20 ലക്ഷത്തോളം പേരെ പറ്റിച്ച് കോടികള്‍ തട്ടിയ ഹരിയാന സ്വദേശിയെ തെലങ്കാനയില്‍ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. 3,000 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 1200 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്നായിരുന്നു നേരത്തേ പൊലീസിന്റെ നിഗമനം.

‘ഫ്യൂച്ചര്‍ മേക്കര്‍ ലൈഫ് കെയര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപന ഉടമയായ രാധേശ്യാം ആണ് പിടിയിലായത്. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ സ്ഥാപനം ആരംഭിച്ചത്. മണിചെയിന്‍ രീതിയിലുളള ബിസിനസില്‍ ഉപഭോക്താക്കള്‍ക്ക് വന്‍തുക തിരികെ ലഭിക്കുമെന്നാണ് ഇയാള്‍ വാഗ്‌ദാനം ചെയ്തത്. ആന്ധ്രാപ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്. ഒഡീഷ, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുളളവരാണ് തട്ടിപ്പിന് ഇരയായത്.

ഏഴാം ക്ലാസ് തോറ്റതിനെ തുടര്‍ന്ന് പഠനം നിര്‍ത്തിയ രാധേശ്യാം തൊഴിലില്ലാത്ത യുവാക്കളേയും, വീട്ടമ്മമാരേയും, വിരമിച്ച ജീവനക്കാരേയും ആണ് കൂടുതലായും ലക്ഷ്യമിട്ടത്. പാര്‍ട് ടൈം വരുമാനം എന്ന രീതിയിലാണ് ഇയാള്‍ എല്ലാവരോടും ബിസിനസ് അവതരിപ്പിച്ചത്. ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അതിന്റെ കമ്മീഷന്‍ നിക്ഷേപകര്‍ക്ക് ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഓരോ നിക്ഷേപകന് കീഴിലുളളവരുടെ വില്‍പന നടക്കുമ്പോഴും ഇതിന്റെ കമ്മീഷനും പോക്കറ്റില്‍ വീഴുമെന്ന് രാധേശ്യാം നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു. മണിചെയിന്‍ നിയമപരമാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും ഇയാളുടെ ചതിക്കുഴിയില്‍ വീണത്.

7500 രൂപയാണ് പ്രവേശന ഫീസായി കമ്പനി ചുമത്തിയിരുന്നത്. രണ്ട് അംഗങ്ങളെ ചേര്‍ത്താല്‍ 500 രൂപ വിതം കമ്മീഷനും ഓരോ മാസവും 2500 രൂപ കമ്മീഷനും ലഭിക്കുമെന്നും നിക്ഷേപകരോട് പറഞ്ഞു. വെറും 7500 രൂപയുടെ നിക്ഷേപം കൊണ്ട് രണ്ട് വര്‍ഷമാവുമ്പോള്‍ 60,000 രൂപയാണ് ഇങ്ങനെ ലഭിക്കുകയെന്നും വാഗ്‌ദാനം ചെയ്തു.

നിരന്തരമായി പ്രതിയുടെ അക്കൗണ്ടിലേക്ക് പണമൊഴുകിയിട്ടും ബാങ്കുകള്‍ നിഷ്‌ക്രിയമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യം ബാങ്കുകള്‍ ശ്രദ്ധിച്ചില്ലെന്നും ആര്‍ബിഐയോട് വിശദീകരണം ആരാഞ്ഞ് കത്ത് എഴുതിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പല ബാങ്കുകളിലായി നിക്ഷേപിച്ച 2000 കോടിയോളം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് രാധേശ്യാമിനേയും അനുയായിയായ സുരേന്ദര്‍ സിങ്ങിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. രാധേശ്യാമിന്റെ ഹരിയാനയിലെ വീട്ടില്‍ നിന്നും പൊലീസ് 60 ലക്ഷം രൂപ, ഒരു റിവോള്‍വര്‍, മൂന്ന് ആഡംബര കാറുകള്‍ എന്നിവ കണ്ടെടുത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Class 7 dropout from hissar spirits away rs 3000 crore by cheating 20 lakh people