ഗോരഖ്പുര്‍: അധ്യാപിക ക്രൂരമായി ശിക്ഷിച്ചതില്‍ മനംനൊന്ത് അഞ്ചാം ക്ലാസ് വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. യുപിയിലെ ഗോരഖ്പുരിലാണ് സംഭവം. സെന്റ് ആന്റണീസ് കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാർഥി, 11 വയസുകാരനായ നവനീത് പ്രകാശാണ് ഇന്നലെ ആശുപത്രിയില്‍ വച്ച് മരണത്തിനു കീഴടങ്ങിയത്.

‘ഇനി ആരെയും ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവായി എന്റെ അധ്യാപികയോട് പറയണം’ എന്ന് എഴുതി വച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.

സെപ്റ്റംബര്‍ 15ന് നവനീത് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ പോയിരുന്നു. സ്‌കൂളില്‍ നിന്ന് വന്നതു മുതല്‍ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.

കുട്ടിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ സ്‌കൂളിന് പരാതി നല്‍കിയിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും ഇവര്‍ പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ