ഹര്‍ഷിത് ശര്‍മ്മ എന്ന ചണ്ഡിഗഢ് സ്വദേശി കൈവരിച്ചിരിക്കുന്നത് അത്ര ചില്ലറ നേട്ടമല്ല. സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെക്കാള്‍ പുറകിലാണ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഈ നേട്ടത്തിന്റെ മധുരം ഇരട്ടിക്കുന്നു. ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മയ്ക്ക് ആരെയും മോഹിപ്പിക്കുന്ന ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി.

ഗൂഗിളിന്റെ ഐക്കണ്‍ ഡിസൈനിങ് വിഭാഗത്തിലാണ് 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് പകുതിയോടെ ജോലിയില്‍ പ്രവേശിക്കാനായി ഹര്‍ഷിത് അമേരിക്കയിലേക്ക് പോകും.

കമ്പനിയുടെ സ്പെഷ്യല്‍ പ്രോഗ്രാം അനുസരിച്ച് ആദ്യ ഒരു വര്‍ഷം ട്രെയിനിങ് നല്‍കും. ഇക്കാലയളവില്‍ പ്രതിമാസം നാല് ലക്ഷം രൂപയായിരിക്കും സ്റ്റൈപന്റായി നല്‍കുക. പരിശീലനം വിജയികരമായി പൂര്‍ത്തിയാക്കിയ ശേഷം 12 ലക്ഷം രൂപയായിരിക്കും മാസം ശമ്പളം നല്‍കുക.

സര്‍ക്കാര്‍ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ ഐ.ടി മുഖ്യ വിഷയമായെടുത്താണ് ഹര്‍ഷിത് പഠിച്ചത്. പല ജോലികള്‍ക്കായും താന്‍ ഇന്റര്‍നെറ്റില്‍ പരതാറുണ്ടായിരുന്നെന്നും ഗൂഗിളിലെ അവസരം ശ്രദ്ധയില്‍പെട്ടതോടെ കഴിഞ്ഞ മേയില്‍ അപേക്ഷ അയക്കുകയായിരുന്നുവെന്നും ഹര്‍ഷിത് പറഞ്ഞു.

‘എന്നെ പോലെ ഒരു സാധാരണക്കാരനായ വിദ്യാർത്ഥിക്ക് ഗൂഗിളിൽ ജോലി കിട്ടുമെന്നൊന്നും ഒരിക്കലും കരുതിയില്ല. 10 വയസുമുതലാണ് ഡിസൈനിങിൽ താത്പര്യം തോന്നിത്തുടങ്ങിയത്. ഗൂഗിളിൽ ജോലി ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അന്നു മുതലൽ ആരും അറിയാതെ അമ്മാവനിൽ നിന്ന് പരിശീലനം നേടാൻ ആരംഭിച്ചു. ഇതിപ്പോൾ ഒരു സ്വപ്നം സത്യമായതു പോലെയാണ്.’ ഹർഷിതിൻറെ വാക്കുകൾ.

പത്ത് വര്‍ഷത്തോളമായി ഗ്രാഫിക് ഡിസൈനിങില്‍ കമ്പമുണ്ടായിരുന്ന ഹര്‍ഷിത് സ്വന്തമായി ഡിസൈന്‍ ചെയ്ത പോസ്റ്ററുകളും അപേക്ഷയോടൊപ്പം അയച്ചു. ശേഷം ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്. ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ അധ്യാപകരമാണ്. ഏക സഹോദരന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ