ന്യൂഡല്‍ഹി: സ്കൂളില്‍ നിന്ന് പഠിക്കുന്ന പാഠങ്ങള്‍ നമ്മുടെ ചിന്തകളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സ്കൂള്‍ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്‍പിക്കപ്പെടുന്നതും. എന്നാല്‍ സ്കൂളുകളിലെ പാഠഭാഗങ്ങള്‍ സമീപകാലത്ത് പലവിധ വിവാധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അത്തരത്തിലൊരു പാഠഭാഗമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസുകാരുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പാഠപുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. 36,24,36 ശാരീരിക ഘടനയാണ് സ്ത്രീകളുടെ മാതൃകാ ആകാരമെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ശാരീരികഘടന സംബന്ധിച്ച പാഠഭാഗത്തിലാണ് സ്ത്രീകളുടെ മാതൃകാ ആകാരഘടന ഇത്തരത്തിലാണെന്ന് പ്രഖ്യാപിക്കുന്നത്.

ലോക സുന്ദരിയേയും, ആഗോള സുന്ദരിയേയുമൊക്കെ തെരഞ്ഞെടുക്കുന്നത് ഈ ആകാരഘടന പരിഗണിച്ചാണെന്ന് പറഞ്ഞാണ് പാഠപുസ്തകത്തിലെ വിചിത്രവാദത്തെ ന്യായീകരിക്കുന്നത്. ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്ന് പേരിട്ടിരുന്ന പുസ്തകം എന്‍സിഇആര്‍ടിയുടെ മേല്‍നോട്ടത്തില്‍ ന്യു സരസ്വതി ഹൗസ് ആണ് പുറത്തിറക്കിയത്. പുസ്തകത്തിലെ പാഠഭാഗം പുറത്തായതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ