ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിക് സർവ്വകലാശാലയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ വെടിയുതിർത്തത് പതിനൊന്നാം ക്ലാസ് വിദ്യാർഥി. ഇയാൾക്കെതിരൊ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

‘ഇന്നാ പിടിച്ചോ ആസാദികളെ (പ്രതിഷേധക്കാർ), ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ്’ എന്നു ആക്രോശിച്ചുകൊണ്ട് തോക്കുധാരിയായ പതിനേഴുകാരൻ വിദ്യാർഥികൾക്കുനേരെ വെടിവയ്ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇയാൾ ഉത്തർപ്രദേശുകാരനാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ക്രൂഡ് പിസ്റ്റൾ വാങ്ങിയതായും പൗരത്വ നിയമത്തിനെതിരായി പ്രതിഷേധം നടത്തുന്നവരെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു.

Read More: പൗരത്വ പ്രതിഷേധം: ജാമിയ സർവകലാശാലയ്ക്കു പുറത്ത് വെടിവയ്‌പ്, വിദ്യാർഥിക്ക് പരുക്ക്

വ്യാഴാഴ്ച രാവിലെ ഇയാൾ പതിവുപോലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് ഡൽഹിയിൽ നിന്ന് 68 കിലോമീറ്റർ അകലെയുള്ള ജൂവാറിലുള്ള വീട്ടിൽ നിന്ന് ഇറങ്ങിയെന്നും എന്നാൽ സ്കൂളിലേക്ക് പോകുന്നതിന് പകരം ഡൽഹിയിലേക്കുള്ള ബസിൽ കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്‌ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. വെടിവയ്‌പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. വിദ്യാർഥിയെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

ഡിസംബർ 15 ന് ജാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന സിഎഎയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. പൊലീസ് സർവകലാശാലയ്ക്കു അകത്തു കടന്ന് വിദ്യാർഥികളെ അതിക്രൂരമായി മർദിച്ചിരുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ നിരവധി പോസ്റ്റുകൾ ഇയാളുടെ ഫെയ്സ്ബുക്ക് ടൈംലൈനിൽ ഉള്ളതായും ഡൽഹിയിൽ എത്തുന്ന ദിവസം “ഞാനെന്റെ അവസാനയാത്രയിലാണ്, മരണ ശേഷം എന്നെ കാവി പുതപ്പിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്യണ,”മെന്ന് ഇയാൾ കുറിച്ചിരുന്നതായും പൊലീസ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook