ലക്നൗ: ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി പൊലീസുകാരെ കൊണ്ട് പണിയെടുപ്പിച്ച് പത്താം ക്ലാസുകാരന്. ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ്ങിന്റെ പേരിലാണ് കൗമാരക്കാരന് അക്കൗണ്ട് ഉണ്ടാക്കിയത്. തുടര്‍ന്ന് ഗോരഖ്പൂര്‍ പൊലീസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അതും സ്വന്തം സഹോദരന് നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാനാണ് കുട്ടി സാഹസികത കാണിച്ചത്.
45,000 രൂപ ഒരാള്‍ തട്ടിയെടുത്തതായി കാണിച്ച് കുട്ടിയുടെ മൂത്ത സഹോദരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടിയൊന്നും എടുക്കാതെ വന്നപ്പോഴാണ് പത്താം ക്ലാസുകാരന്റെ തലയില്‍ ഈ ബുദ്ധി തെളിഞ്ഞത്. ഉടന്‍ തന്നെ കുട്ടി ട്വിറ്റര്‍ വഴി പൊലീസിന് നിര്‍ദേശം നല്കി. കേട്ട പാതി കേള്‍ക്കാത്ത പാതി ഗോരഖ്പൂര്‍ പൊലീസുകാര്‍ വണ്ടിയുമെടുത്ത് പ്രതിയേയും തപ്പി ഇറങ്ങി. പൊലീസ് നടപടിയില്‍ പ്രതിയില്‍ നിന്നും 30,000 രൂപ പിടിച്ചെടുത്ത് പരാതിക്കാരന് നല്കി. ബാക്കിയുളള 15,000 രൂപ ഉടന്‍ തന്നെ നല്‍കാമെന്ന് ധാരണയിലും എത്തി.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെ കുറിച്ച് ഡിജിപിയുടെ ഓഫീസില്‍ നിന്നും ഹസ്റത്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് റിപ്പോര്‍ട്ട് പോയത്. ഇതോടെ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി മനസ്സിലായത്. ഉടന്‍ തന്നെ കേസ് സൈബര്‍ സെല്ലിന് കൈമാറി. അന്വേഷണത്തില്‍ മഹാരാജ്ഗഞ്ചില് നിന്നുളള ടവറിന് കീഴിലാണ് ഫോണ്‍ പ്രവര്‍ത്തിച്ചതെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഏപ്രില്‍ 21നാണ് പത്താം ക്ലാസുകാരനെ പിടികൂടിയത്. കുട്ടിയും മറ്റൊരു സുഹൃത്തും കൂടിയാണ് പൊലീസുകാരെ കൊണ്ട് പണിയെടുപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
തന്റെ മൂത്ത സഹോദരന് ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ പണം വാങ്ങിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ വഞ്ചിക്കുകയായിരുന്നു എന്നറിഞ്ഞപ്പോള്‍ ഗുല്‍ഹാരിയ ബസാര്‍ പൊലീസിന് പരാതി നല്കി. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നത് കാണാതെ വന്നപ്പോഴാണ് താന്‍ സുഹൃത്തിന്റെ സഹായത്തോടെ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. ഇരുവര്‍ക്കെതിരേയും കേസൊന്നും എടുക്കാതെ താക്കീത് നല്‍കിയാണ് പൊലീസ് വിട്ടയച്ചത്.