ഹൈദരാബാദ്: ബസില്‍ ടിക്കറ്റ് എടുക്കാതിരിക്കുക എന്നത് തങ്ങളുടെ അവകാശമായി കരുതുന്നവരാണ് ചില പൊലീസുകാര്‍. ചെയ്യുന്നത് നിയമ വിരുദ്ധമാണെങ്കിലും അത് സമ്മതിച്ചു കൊടുക്കാന്‍ പൊലീസുകാര്‍ തയ്യാറാകില്ല. യൂണിഫോം ടിക്കറ്റ് എടുക്കാതിരിക്കാനുള്ള ലൈസന്‍സായി കരുതുന്നവരാണ് മിക്കവരും. പൊലീസുകാരോട് തര്‍ക്കിച്ച് പണി മേടിക്കണ്ടെന്ന് കരുതി കണ്ടക്ടര്‍മാര്‍ പലപ്പോഴും കണ്ണടയ്ക്കാറാണ് പതിവ്.
എന്നാൽ സജന്യമായി യാത്ര ചെയ്യാന്‍ ഒരു പൊലീസിനെയും അനുവദിക്കില്ലെന്ന നിലപാടാണ് തെലങ്കാനയിലെ കണ്ടക്ടറായ ശോഭാ റാണിക്ക്. പക്ഷേ ശോഭയുടെ ഈ നിലപാട് പൊലീസുകാര്‍ക്ക് അത്ര പിടിക്കണമെന്നില്ലല്ലോ. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. രണ്ട് പേരും തമ്മില്‍ കൂട്ടത്തല്ലായി. കണ്ടുനിന്നവര്‍ പതിവ് പോലെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വനിതാ കണ്ടക്ടറും വനിതാ പൊലീസും തമ്മിലുള്ള അടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ.
തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ നവാബ്പെട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിത കുമാരിയും ബസ് കണ്ടക്ടര്‍ ശോഭാ റാണിയും തമ്മിലാണ് പതിനഞ്ച് രൂപയുടെ ടിക്കറ്റിനെച്ചൊല്ലി യൂണിഫോമില്‍ പരസ്പരം ഏറ്റു മുട്ടിയത്. മഹ്ബൂബ് നഗറില്‍ നിന്ന് നവാബ്പെട്ടിലേക്കുള്ള യാത്രയിലായിരുന്നു പൊലീസുകാരി. 23 കിലോമീറ്റര്‍ ദൂരമുള്ള യാത്രയ്ക്ക് കണ്ടക്ടര്‍ ടിക്കറ്റ് ചാര്‍ജ്ജായ 15 രൂപ ആവശ്യപ്പെട്ടപ്പോള്‍ താന്‍ യൂണിഫോമിലാണെന്നും പൊലീസുകാര്‍ക്ക് ടിക്കറ്റ് വേണ്ടെന്നുമായിരുന്നു രജിത കുമാരിയുടെ മറുപടി.
എന്നാല്‍ കണ്ടക്ടര്‍ ശോഭാ റാണി ഇത് ചോദ്യം ചെയ്യുകയായിരുന്നു. വാറന്റ് നല്കാന് പോകുമ്പോള്‍ മാത്രമേ പൊലീസുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുകയുള്ളൂ എന്നും അല്ലാത്ത യാത്രകള്‍ക്ക് ടിക്കറ്റെടുക്കണമെന്നും കണ്ടക്ടര്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാരി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ടിക്കറ്റ് തുക നല്‍കിയതുമില്ല. വാക്കു തര്‍ക്കത്തിനൊടുവില്‍ ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി. ഇതോടെ യാത്രക്കാര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
വിഷയം സ്റ്റേഷനിലെത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാതെ ഇരുവരോടും സംസാരിച്ച് ഒത്തു തീര്‍പ്പിലെത്താനാണ് ജില്ലാ പൊലീസ് ചീഫ് ബി.അനുരാധ ആവശ്യപ്പെട്ടത്.