ന്യൂഡല്‍ഹി:  വിദ്യാര്‍ഥി പ്രതിഷേധത്തില്‍ കലുഷിതമായി ജെഎന്‍യു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ നീക്കാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഒഴിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിസിയുമായി സംസാരിക്കണമെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം. ജെഎന്‍യു ഗേറ്റിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. വിസി തങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാകുന്നില്ലെന്ന് ജെഎന്‍യു യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.

പൊലീസും വിദ്യാർഥികളും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ഓരോ മണിക്കൂർ കഴിയുംതോറും പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. ബലംപ്രയോഗിച്ച് വിദ്യാർഥികളെ നീക്കാനാണ് പൊലീസ് ശ്രമം. സമരം ചെയ്യുന്ന പെൺകുട്ടികളെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചു നീക്കുന്നതായും ആരോപണമുണ്ട്.

Read Also: പരീക്ഷ റദ്ദാക്കില്ല; പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനവുമായി പിഎസ്‌സി

ഫീസ് വര്‍ധനവിനെതിരെയാണ് ജെഎന്‍യുവില്‍ വന്‍ വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുന്നത്. പ്രതിഷേധ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ തെരുവിലേക്ക് ഇറങ്ങി. ഫീസ് വര്‍ധവനും യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥിയായിട്ടുള്ള കോണ്‍വോക്കേഷന്‍ പരിപാടി ബഹിഷ്‌കരിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം.

ഇന്നലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്നലെ ക്യാമ്പസില്‍ വിദ്യാര്‍ഥികളെ വിളിച്ചു കൂട്ടിയിരുന്നു. കോണ്‍വോക്കേഷന്‍ നടക്കുന്ന എഐസിടിഇ ഓഡിറ്റോറിയത്തിലേക്ക് മാര്‍ച്ച് നടത്താന്‍ യോഗത്തില്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

ഡ്രാഫ്റ്റ് ഹോസ്റ്റല്‍ മാനുവലിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഫീസ് വര്‍ധനവും സമയ പരിധിയും ഡ്രസ് കോഡുമായിരുന്നു പ്രതിഷേധം. പത്ത് ദിവസമായി പ്രതിഷേധം തുടര്‍ന്നുവരികയാണ്. മാനുവല്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് യൂണിയന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം സംഷര്‍ഷമായി മാറി. പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook