മീററ്റ്: പോളിങ് ബൂത്തിൽ ആർക്ക് വോട്ട് രേഖപ്പെടുത്തിയാലും ബി ജെ പിക്ക് വോട്ട് രേഖപ്പെടുന്നത് കണ്ടെത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശബ്ദാനമയമായ പ്രതിഷേധം ഉയർത്തി ജനങ്ങൾ. ഉത്തർ പ്രദേശിലെ മീററ്റിലാണ് വോട്ടിങ് യന്ത്രത്തിൽ ബി എസ് പിക്ക് രേഖപ്പെടുത്തിയ വോട്ട് ബി ജെ പിക്ക് പതിയുന്നതായി വോട്ടർ കണ്ടെത്തിയത്. ഇതേ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. എട്ട് മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ആ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ജയം നേടിയിരുന്നു.

വോട്ടിങ് യന്ത്രത്തിന്രെ തകരാറാണ് എന്നും അതിനാലാണ് ശരിയായ രീതിയിൽ പ്രവർത്തിക്കാതിരുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. എന്നാൽ വോട്ടിങ് യന്ത്രമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ബിജെപി ഒഴികെയുളള പാർട്ടികൾ ആരോപിച്ചു.

“തകരാറ് സംഭവിച്ച വോട്ടിങ് യന്ത്രം ഉടനെ തന്നെ മാറ്റി” എന്ന് സിറ്റി അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് മുകേഷ് കുമാർ പറഞ്ഞു.

തനിക്ക് താൽപര്യമുളള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുന്ന വോട്ടറുടെ വീഡിയോ ഓൺലൈനിൽ വന്നു. ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോഴാണ് ഇത് വെളിപ്പെട്ടത്.

” ഞാൻ ബി എസ് പിക്കാണ് വോട്ട് ചെയ്തത്. ഞാൻ വോട്ടിങ് യന്ത്രത്തിലെ ബട്ടണിൽ അമർത്തിയപ്പോൾ അത് ബി ജെ പിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ഞാൻ ഒരു മണിക്കൂറായി ഇവിടെ നിൽക്കുകയാണ് പക്ഷേ, പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. എന്ന് വോട്ടറായ തസ്‌ലീം അഹമ്മദ് പറയുന്നതാണ് വിഡിയോ.

ഈ വിവരം അറിഞ്ഞതോടെ ബി എസ് പി പ്രവർത്തകരും വിവിധ രാഷ്ട്രീയപാർട്ടിക്കാരും വോട്ടർമാരും പ്രതിഷേധവുമായി ബൂത്തിലെത്തി.

” വോട്ടിങ് യന്ത്ര പ്രശ്നമുണ്ടായ പ്രദേശം ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുളള സ്ഥലമാണെന്നും തങ്ങൾ ഇവിടുത്തെ ശക്തമായ സാന്നിദ്ധ്യമാണെന്നും” ബി എസ് പി എം എൽ എ യോഗേഷ് വർമ്മ പറഞ്ഞു. ” ഇത് വളരെ അസ്വസ്ഥകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അപ്രതീക്ഷിതമായി വോട്ടിങ് യന്ത്രത്തിൽ സംഭവിച്ച സാങ്കേതിക തകരാറാണിതെന്ന് മീററ്റ് സോണിലെ ഡിവിഷണൽ കമ്മീഷണർ പ്രഭാത് കുമാർ അവകാശപ്പെട്ടു. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കാനാവില്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് യന്ത്രം മാറ്റി വേറെ നൽകിയതായും തിരഞ്ഞെടുപ്പ് സമാധാനപൂർവ്വം തുടർന്നതായും അദ്ദേഹം പറഞ്ഞു.

മാർച്ചിൽ ബി ജെ പി 403 സീറ്റിൽ 325 സീറ്റ് നേടി വിജയിച്ചപ്പോൾ പ്രതിപക്ഷ കക്ഷികൾ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയതായും ആരോപണം ഉയർന്നിരുന്നു. ആർക്ക് വോട്ട് ചെയ്താലും ബി ജെ പിക്ക് വോട്ട് ലഭിക്കുന്ന സ്ഥിതിയായിരുന്നുവെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. എന്നാൽ തിരഞ്ഞടുപ്പ് കമ്മിഷൻ യന്ത്രത്തിൽ കൃത്രിമം നടക്കില്ലെന്ന് വാദവുമായി പ്രതിരോധമുയർത്തിയിരുന്നു.

ആഗ്രയിൽ നിന്നും വോട്ടിങ് യന്ത്രത്തിലെ പിഴവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആർക്ക് വോട്ട് ചെയ്താലും ബി ജെ പിക്കാണ് അത് ലഭിക്കന്നതെന്ന് ഗൗതം നഗറിലെ ബുത്ത് നമ്പർ 69വോട്ട് ചെയ്തവർ ആരോപിച്ചു. പല പോളിങ് ബൂത്തുകളിലും മേയർക്കുളള വോട്ട് ചെയ്യാനുളള ബട്ടൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും പരാതിയുയർന്നിരുന്നു. പിന്നീട് ആ യന്ത്രങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. ഇതേ തുടർന്ന് വോട്ടിങ് അരമണിക്കൂറിലേറെ തടസ്സപ്പെട്ടു.

വോട്ടിങ് യന്ത്രത്തിൽ ആർക്ക് വോട്ട് ചെയ്താലും ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സംഭവം പലസ്ഥലത്തും സംഭവിച്ചതായി സമാജ്‌വാദി പാർട്ടിയും ആരോപിക്കുന്നു. ഏത് ബട്ടൺ അമർത്തിയാലും ബി ജെപിയക്കാണ് വോട്ട് പോകുന്നതെന്ന് എസ് പിയുടെ ആരോപണം. ധാവിനഗർ, മീററ്റ്, കാൺപൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുളളത്. എന്നാൽ ഉത്തർപ്രദേശ് അഡീഷണൽ തിരഞ്ഞെടുപ്പ് കമ്മീഷണർ ഈ വാർത്തകൾ തെറ്റാണെന്ന് അവകാശപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ